മൂസാ ഷരീഫ് ജൈത്രയാത്ര തുടരുന്നു, യു എ ഇ കാർറാലി ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ മൂസാ ഷരീഫ്- സനീം സാനി സഖ്യത്തിന് മിന്നും വിജയം

കാസറഗോഡ് : ഉമ്മുൽ ഖുയൂനിൽ  വെച്ച് നടന്ന ആവേശോജ്വലമായ യു എ ഇ  കാർറാലി ചാമ്പ്യൻഷിന്റെ(ഫ്രണ്ട് വീൽ ഡ്രൈവ് ) രണ്ടാം റൗണ്ടിൽ  മൂസാ ഷരീഫ് വെന്നിക്കൊടി പാറിച്ചതോടെ മൂന്ന് ആഴ്ചകളിൽ തുടർച്ചയായി റാലി വിജയം നേടുന്ന താരമായി മൂസാ ഷരീഫ് മാറി. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഗൗരവ് ഗില്ലുമൊത്ത് ദേശീയ  കാർ റാലി കിരീടവും, മുജീബ് റഹ്മാനോടൊപ്പം ചേർന്ന്  റാലി ഡി  ഹംപി  ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയിരുന്നു. തൃശ്ശൂർ സ്വദേശിയായ സനീം സാനിയോടൊപ്പം ചേർന്ന്  യു എ ഇ  കാർറാലി ചാമ്പ്യൻഷിന്റെ രണ്ടാം റൗണ്ടിൽ ഇന്നലെ   മികച്ച വിജയം നേടിയതോടെയാണ് മൂസാ ഷരീഫ് ഹാട്രിക്ക് നേട്ടം കൈവരിച്ചത്. 

വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുത്ത യു എ ഇ റാലിയുടെ രണ്ടാം റൗണ്ടിലെ  തകർപ്പൻ ജയം ഈ സഖ്യത്തിന്റെ  കിരീട സാധ്യത വർധിപ്പിച്ചിരിക്കുകയാണ്.ഇനി മൂന്ന് റൗണ്ടുകൾ കൂടി ബാക്കിയുണ്ട്. ഇതിനകം നാല് തവണ മൂസാ ഷരീഫ്- സനീം സാനി സഖ്യം യു എ ഇ 

ദേശീയ കാർ റാലി ചാമ്പ്യൻ പട്ടം നേടിയിട്ടുണ്ട്. ഫോർഡ് ഫീസ്റ്റ കാർ ഉപയോഗിച്ചാണ് ഈ സഖ്യം ഉമ്മുൽ ഖുയൂനിൽ വിജയം നേടിയത്. മരുഭൂമിയിലെ സാഹസികത നിറഞ്ഞ  പാതയിലൂടെയടക്കമുള്ള 115 കിലോ മീറ്റർ ദൈർഘ്യവും 6 സ്പെഷ്യൽ സ്റ്റേജുകളുമടങ്ങിയതായിരുന്നു റാലി. 

ഏഴ് തവണ ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മൊഗ്രാൽ പെർവാഡ് സ്വദേശിയും സാഹസികതയുടെ തോഴനുമായ മൂസാ ഷരീഫിന്റെ റാലി മേഖലയിലെ കുതിപ്പ് രാഷ്ട്രം ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.