ന്യൂഡൽഹി. ജനാധിപത്യരാജ്യത്ത് ഭരണകൂട നയങ്ങളോട് വിയോജിച്ചതിന്റെ പേരിൽ പൗരന്മാരെ ജയിലിലടക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി 'ടൂൾ കിറ്റ് 'കേസിൽ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു.
ദിശയെ കൂടുതൽ ചോദ്യം ചെയ്യാൻ നാല് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് വാദിച്ച ഡൽഹി പോലീസിനുള്ള കനത്ത തിരിച്ചടിയാണ് കോടതി വിധി. ഭരണകൂടത്തിന്റെ അഭിമാനത്തിന് ഏറ്റ മുറിവുണക്കുന്നതിന് രാജ്യദ്രോകുറ്റം ചുമത്താനാവില്ലെന്ന് പോലീസിനെ രൂക്ഷ ഭാഷയിൽ വിമർശിചുള്ള വിധി പ്രസ്താവനയിൽ കോടതി ചൂണ്ടിക്കാട്ടി. വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതും, നിരുപദ്രവകരമായ ടൂൾ കിറ്റ് തയ്യാറാക്കുന്നതും ഈ രാജ്യത്ത് കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു. ആഗോളതലത്തിൽ അഭിപ്രായങ്ങൾ സ്വരൂപി ക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.നിയമപരമായ ആശയവിനിമയങ്ങൾക്ക് ഭൂപ്രദേശങ്ങൾ കൊണ്ട് അതിരു കെട്ടാനാവില്ല. ഭാവിയിൽ തെളിവ് കിട്ടുമെന്ന പ്രതീക്ഷയുടെ പേരിൽ പോലീസിന് പൗരന്റെ സ്വാതന്ത്ര്യം ഹനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.