താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു


തിരുവനന്തപുരം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. മൂന്നു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി സുതാര്യമാണെന്നും, എന്നാല്‍ പ്രതിപക്ഷം തെറ്റിദ്ധാരണ പടര്‍ത്തുകയാണെന്നും യോഗം വിലയിരുത്തി.

നിരവധി വകുപ്പുകളാണ് സ്ഥിരപ്പെടുത്തല്‍ ശുപാര്‍ശകളുമായി മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം തേടി എത്തിയത്. ഏറെ വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ ഇനി സ്ഥിരപ്പെടുത്തല്‍ വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. അതേസമയം, ഇതുവരെ നടത്തിയ കരാര്‍ നിയമനങ്ങളുടെ സ്ഥിരപ്പെടുത്തല്‍ റദ്ദാക്കില്ല.

ആരോഗ്യ, റവന്യൂ വകുപ്പുകളിലേക്ക് അടക്കം നൂറ്റിയമ്ബതോളം പേരെ സ്ഥിരപ്പെടുത്താനുള്ള അജണ്ട ഇന്ന് മന്ത്രിസഭായോഗത്തിന് മുന്നിലുണ്ടായിരുന്നു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് സ്ഥിരപ്പെടുത്തല്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.