സ്കൂളുകളിൽ നിയന്ത്രണം കൂട്ടും, ക്ലാസ്സ് നിർത്തില്ല

തിരുവനന്തപുരം. മലപ്പുറം ജില്ലയിലെ രണ്ട് സ്കൂളുകളിൽ കോവിഡ് പടർന്നതിനെത്തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിലെ നിയന്ത്രണങ്ങൾ കർശനമാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 10, 12 ക്ലാസുകൾ നിർത്തില്ല. ഓരോ ക്ലാസിലെയും മുൻകരുതൽ നടപടികൾ അധ്യാപകർ ഉറപ്പുവരുത്തണം. റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാരും, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും സ്കൂളുകളിലെത്തി സ്ഥിതി വിലയിരുത്തണമെന്ന് വിദ്യാഭ്യാസ ഡയറക്ടർ കെ  ജീവൻ ബാബു നിർദ്ദേശം നൽകി.

സ്കൂളുകളുടെ സമീപം വിദ്യാർഥികൾ കൂടി നിൽക്കാൻ സാധ്യതയുള്ള ബസ് സ്റ്റോപ്പുകളിലും മറ്റും  മേൽനോട്ടത്തിന് അധ്യാപകരെ നിയോഗിക്കാനും നിർദ്ദേശമുണ്ട്. വിദ്യാർഥികൾക്കും, അധ്യാപകർക്കും പരിശോധന വ്യാപിപ്പിക്കുന്ന കാര്യത്തിൽ ആരോഗ്യ വകുപ്പിൻറെ നിർദ്ദേശം തേടും. കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഇടയിൽ കൂടുതൽ ബോധവൽക്കരണം നടത്തും.