സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്തര്‍ദേശീയ തലത്തില്‍ ആദ്യ 10 ല്‍ എത്തിക്കുക ലക്ഷ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ആദ്യ പത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഗവേഷണ പ്രാധാന്യമുള്ള കൂടുതല്‍ സ്ഥാപനങ്ങളും അതിന് താത്പര്യമുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയുടെ പേരില്‍ അനാവശ്യ വിവാദങ്ങളാണ് നടക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളുടെ സാമ്ബത്തിക സ്രോതസ്സിനെ ഇങ്ങിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാടുണ്ടോയെന്നും പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള വികസനത്തെ നാട്ടുകാര്‍ പൂര്‍ണ്ണ മനസ്സോടെ ഉള്‍ക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു

കേരളത്തിലെ എല്ലാ പ്രദേശത്തെയും പൊതുവിദ്യാലയങ്ങള്‍ നന്നാവണമെന്നാണ് ലക്ഷ്യമെന്ന് പിണറായി ഇതിന് മുന്‍പ് സംസ്ഥാനത്തെ 118 വിദ്യാലയങ്ങളിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയിലൂടെ നിര്‍മ്മാണം പൂര്‍ത്തിയായ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. പൊതുവിദ്യാഭ്യാസ യജ്ഞം കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കി. 6.80 ലക്ഷത്തില്‍ അധികം കുട്ടികള്‍ ഈ കാലയളവില്‍ സര്‍ക്കാര്‍ സ്കൂളുകളിലെത്തി. യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമാണ്.

കേരളത്തിലെ ഏതെങ്കിലുമൊരു കുഗ്രാമത്തിലെ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന സ്കൂളിലെ കുട്ടി വരെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യത്തില്‍ പഠിക്കാനാവുന്ന നിലയുണ്ടാകണം. നാടാകെ എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നേടാനാവണം. ഈ മാറ്റം ഇന്ന് പ്രകടമാണ്. കുറച്ച്‌ വര്‍ഷം കഴിഞ്ഞാല്‍ കേരളത്തിലെ പുതുതലമുറ വലിയ മികവുള്ളവരാകും. അവരുടെ വിദ്യാഭ്യാസ അടിത്തറ മാറുന്നു. കാഴ്ചപ്പാടും മാറും. ഇതാണ് സര്‍ക്കാര്‍ ആഗ്രഹിച്ച കാര്യം. ഇത് ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യമാണ് സര്‍ക്കാരിനുള്ളത്. കഴിഞ്ഞ ഒരു വര്‍ഷം വലിയ പ്രതിസന്ധിയുടെ വര്‍ഷമായിരുന്നു. കൂടപ്പിറപ്പിനെ പോലെ കൂടെ നടക്കുകയായിരുന്നു പ്രതിസന്ധികളെന്നും ഓഖി, പ്രളയം നിപ്പ തുടങ്ങിയവയെ പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

keyword:school,inaguration