കർഷക പ്രക്ഷോഭം: രാജ്യവ്യാപകമായി ട്രെയിന്‍ തടഞ്ഞ് കര്‍ഷകര്‍

രാജ്യത്ത് കർഷക പ്രക്ഷോഭം തുടരുന്നു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്നു പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. പ്രക്ഷോഭത്തിന്റെ ഭാഗമായി കർഷകർ നടത്തുന്ന രാജ്യവ്യാപക ട്രെയിൻ തടയൽ സമരം ആരംഭിച്ചു. ഇന്ന് ഉച്ചയ്‌ക്ക് 12 നാണ് സമരം ആരംഭിച്ചത്. നാല് മണിക്കൂറാണ് ട്രെയിൻ തടയൽ സമരം. വെെകീട്ട് നാലിന് സമരം അവസാനിക്കും.

റോഡുകൾ ഉപരോധിച്ചുള്ള സമരം വിജയകരമാണെന്ന വിലയിരുത്തലിനു പിന്നാലെയാണ് ട്രെയിൻ തടയൽ സമരം നടത്താൻ കർഷകർ തീരുമാനിച്ചത്. സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് കർഷകരുടെ ലക്ഷ്യം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് ഇന്ന് ട്രെയിൻ തടയൽ സമരം നടക്കുന്നത്.

കർഷകരുടെ ട്രെയിൻ തടയൽ സമരത്തെ പ്രതിരോധിക്കാൻ കേന്ദ്രവും റെയിൽവെ വകുപ്പും കൂടുതൽ സന്നാഹങ്ങളൊരുക്കിയിട്ടുണ്ട്. ഇരുപതിലേറെ ആർപിഎസ്എഫ് ഗ്രൂപ്പുകളെ റെയിൽവെ വിന്യസിച്ചിട്ടുണ്ട്. സമരത്തെ സമാധാനപരമായി നേരിടണമെന്നാണ് റെയിൽവെ നൽകിയിരിക്കുന്ന നിർദേശം. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്. കേരളത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.