തുടർഭരണം : പറയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി

ആലപ്പുഴ. നിയമസഭ തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച് അമിത ആത്മവിശ്വാസം അപകടകരമാണെന്ന് മുന്നറിയിപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ സജീവമായി പങ്കെടുത്ത മുഖ്യമന്ത്രി സംഘടനാ സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന് നിർദ്ദേശിച്ചു.

അനുകൂല സാഹചര്യം ഉണ്ടായിട്ടുപോലും അരൂരിലെ  ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം പഠിക്കണമെന്ന് സൂചിപ്പിച്ച പിണറായി  വിജയൻ, തോൽവി സംബന്ധിച്ച അന്വേഷണത്തിൽ ബോധ്യപ്പെട്ട കാര്യങ്ങളിൽ തുടർ നടപടി സ്വീകരിക്കാത്തതിനെയും രൂക്ഷമായി  വിമർശിച്ചു.

നിയമസഭാതിരഞ്ഞെടുപ്പിൽ "ഈസി വാക്കോവർ'' പ്രതീക്ഷിക്കേണ്ടന്നും, അടിത്തട്ടിൽ നന്നായി പ്രവർത്തിച്ചാലേ  വിജയം പ്രതീക്ഷിക്കാവുവെന്നും  വിശദീകരിച്ച അദ്ദേഹം, നിശ്ചയിക്കപ്പെട്ട ചുമതലകൾ ഓരോരുത്തരും കൃത്യമായി നിറവേറ്റണമെ  ന്നും നിർദ്ദേശിച്ചു.