മണിചെയിൻ നിക്ഷേപ തട്ടിപ്പ് ജില്ലയിൽ തുടർക്കഥയാവുന്നു

കാഞ്ഞങ്ങാട്. മണിചെയിൻ  നിക്ഷേപത്തട്ടിപ്പിൽ  കുടുങ്ങി പണം നഷ്ടപ്പെട്ടവരുടെ എണ്ണം ജില്ലയിൽ കൂടുന്നു. വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും പേരിൽ പണം നിക്ഷേപിച്ചാണ് പലരുടെയും പണം പോകുന്നത്. തട്ടിപ്പിനിരയായവർ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

പതിനായിരം രൂപ നിക്ഷേപിച്ചാൽ ദിവസവും 200 രൂപ വീതം അക്കൗണ്ടിലേക്ക് എത്തും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം നിക്ഷേപിച്ചത്. ആദ്യത്തെ പത്ത് ദിവസം അക്കൗണ്ടുകളിലേക്ക് പണം കൃത്യമായി വന്നു. ഇതു വിശ്വസിച്ച് കൂടുതൽ പേർ  പണം നിക്ഷേപിക്കുകയും ചെയ്തതായാണ് വിവരം. ഇരുപതിനായിരം രൂപ മുതൽ ലക്ഷം വരെ അക്കൗണ്ടിൽ നിക്ഷേപിച്ചതോടെയാണ്  സംഘം മുങ്ങിയത്. 

സമാനമായ തട്ടിപ്പുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ടെങ്കിലും നിക്ഷേപകർ പോലീസിൽ പരാതിപ്പെടാൻ ഭയക്കുന്നു. എപ്പോഴെ ങ്ങിലും  പണം തിരിച്ചു കിട്ടുമെന്ന വിശ്വാസത്തിലാണ് പലരും. 

നിക്ഷേപത്തുക മുടങ്ങിയതോടെയാണ് സ്ഥാപനം നടത്തുന്നവരെ അന്വേഷിച്ചിറങിയത്. വിവരം ഇല്ലാത്തതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഹൊസ്ദുർഗിൽ മൂന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി സംഘം മുങ്ങിയെന്നാണ് പോലീസ് സംശയിക്കുന്നത്.