നാട്ടുഭാഷയിലെഴുതിയ ഗ്രാമക്കാഴ്ചകൾ - പുസ്തക പ്രകാശനത്തിനൊരുങ്ങി സൗഹൃദ ഐക്യവേദി

മൊഗ്രാൽ : "മൊഗ്രാൽ മൊഴികൾ" പുസ്തക പ്രകാശനം ഫെബ്രുവരി 28 ന് നടക്കും. അബ്ദുല്ല കുഞ്ഞി ഖന്ന  പ്രാദേശിക ഭാഷയിലെഴുതിയ  ദേശക്കാഴ്ചകളുടെ സമാഹാരം - മൊഗ്രാൽ മൊഴികൾ - ഞായറാഴ്ച  പ്രകാശനം ചെയ്യും. കാസറഗോഡ് സൗഹൃദ ഐക്യവേദിയാണ് പ്രസാധകർ. പൂർണമായും ഒറ്റ ഭാഷാഭേദത്തിലെ വാമൊഴിയിൽ   മാത്രം എഴുതിയ കാസറഗോടൻ  മലയാളത്തിലെ  ആദ്യപുസ്തകത്തിനു  പ്രശസ്ത എഴുത്തുകാരൻ ഡോ. അംബികസുതൻ മാങ്ങാടാണ് അവതാരിക  എഴുതിയത്. ഒപ്പം സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ ഭാഷഗവേഷകൻ ഡോ. പി. എ . അബൂബക്കർ പുസ്തകത്തിൽ ഉപയോഗിച്ച വാമൊഴികളെ അപഗ്രഥിച്ചു പഠനം എഴുതിയിട്ടുണ്ട് . മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വൈകീട്ട് 3.30 ന് നടക്കുന്ന ചടങ്ങ് കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസ്ലർ ഡോ. കാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരനും സിനിമ സംവിധായകനും പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫസർ എം എ റഹ്മാൻ ആദ്യപ്രതി പുറത്തിറക്കും. വിവർത്തകൻ കെ.വി. കുമാരൻ മാസ്റ്റർ ഏറ്റു വാങ്ങും..

നാടകകൃത്ത് പദ്മനാഭൻ ബ്ളാത്തൂർ പുസ്തക പരിചയം നടത്തും. അബു തായി ബേക്കൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത്‌ അസ്സിസ്റ്റന്റ് ഡയറക്ടരായിരുന്ന നിസാർ പെറുവാഡ് സ്വാഗതം പറയും. സുറാബ്, ജി. ബി. വത്സൻ, വി. വി. പ്രഭാകരൻ, രവീന്ദ്രൻ പാടി, ഡോ. വിനോദ്കുമാർ പെരുമ്പള, എ കെ റിയാസ്‌ മുഹമ്മദ്‌, അഡ്വ. രാധാകൃഷ്ണൻ പെരുമ്പള, അഷ്‌റഫ്‌ അലി ചേരങ്കൈ, ശ്രീമതി സുമംഗള റാവു, എ.എസ്. മുഹമ്മദ് കുഞ്ഞി , രവീന്ദ്രൻ രാവണേശ്വരം , ടി.എ. ശാഫി , സ്കാനിയ ബെദിര , ഹാദി തങ്ങൾ , അബ്ദുല്ല പടിഞ്ഞാർ ,മൂസ മൊഗ്രാൽ എന്നിവർ ആശംസകൾ നേരും.

പ്രോഗ്രാം കോർഡിനേറ്റർ സലീം ചാല അത്തി വളപ്പിൽ നന്ദി പ്രകാശിപ്പിക്കും. ചടങ്ങിൽ വെച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്. ഡി. നേടിയ ഡോ. എം.കെ. റുഖയ്യയെ അനുമോദിക്കും.