മഞ്ചേശ്വരത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടന മാമാങ്കം മാത്രം - ബിജെപി


മഞ്ചേശ്വരം. വികസനകാര്യത്തിൽ   മഞ്ചേശ്വരം ഇപ്പോഴും പിന്നോക്ക മണ്ഡലമാക്കിയതിൽ  ഇടത് -വലത് മുന്നണികൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ബിജെപി. 

വൊർക്കാടി, മഞ്ചേശ്വരം പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഇതുവരെ മാറിമാറിവന്ന മുന്നണികൾക്കും, എംഎൽഎ മാർക്കും സാധിച്ചിട്ടില്ല. ഉപ്പു വെള്ളം കുടിക്കുകയാണ് തീരദേശ നിവാസികളെന്ന്  ബിജെപി  മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡണ്ട് മണികണ്ഠ റൈ  അഭിപ്രായപ്പെട്ടു.

സപ്ലൈഓഫീസ്,  താലൂക്ക് ഓഫീസ് എന്നിവയ്ക്ക് സ്വന്തമായി കെട്ടിടം സൗകര്യങ്ങളില്ല. ആർ ടി ഒ ഓഫീസിൻറെ നിർമ്മാണം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. തലപ്പാടി പോലുള്ള  അതിർത്തിപ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളില്ല. കന്നട ഭാഷക്കാരാണ് മണ്ഡലത്തിൽ കൂടുതലും, ഇവരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ എം എൽ എ മാർക്ക് സാധിച്ചിട്ടില്ല. കന്നടയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് മാത്രമാണ് കന്നടയുമായുള്ള ബന്ധം. സർക്കാർ അപേക്ഷകളൊക്കെ   ഇപ്പോഴും മലയാളത്തിലാ ണ്  വരുന്നത്.ഇത്  ഈ ഭാഗത്ത് വലിയ പ്രശ്നമുണ്ടാക്കുന്നുവെന്നും മണികണ്ഠ റൈ  അഭിപ്രായപ്പെട്ടു.

പരാതി കേൾക്കേണ്ട എംഎൽഎ ജയിലിൽ കിടക്കുകയാണ്. അതിനാൽ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടാൻ സാധിക്കുന്നില്ല. നാടിനു വേണ്ട വിഷയങ്ങൾ അസംബ്ലിയിൽ ഉന്നയിക്കാൻ എംഎൽഎ ഇല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്യുന്നതിനെ മാത്രം  വികസനമായി കാണാനാവില്ലെന്നും അദ്ദേഹം പരിഹസിച്ചു.