മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീൻ പങ്കെടുക്കുന്ന പരിപാടികൾ ബിജെപി ബഹിഷ്കരിക്കും

മഞ്ചേശ്വരം. ജ്വല്ലറി തട്ടിപ്പുകേസിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീൻ പങ്കെടുക്കുന്ന പൊതുപരിപാടികളിലൊ ന്നും ബിജെപി പങ്കെടുക്കേണ്ടതില്ലെന്ന്  തീരുമാനം. ഇതേ തുടർന്ന് മഞ്ചേശ്വരം പി ഡബ്ലിയു ഡി വിശ്രമ കേന്ദ്രത്തിന് നിർമ്മിച്ച അനുബന്ധ കെട്ടിടത്തിന്റെ  ഉദ്ഘാടന പരിപാടി ബിജെപി ബഹിഷ്കരിക്കുകയും ചെയ്തു.  

നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മഞ്ചേശ്വരത്ത് ബിജെപി പിടിമുറുക്കുന്നതിന്റെ  ഭാഗമായാണ് ഈ രാഷ്ട്രീയ തന്ത്രമെന്ന് വിലയിരുത്തപ്പെടുന്നു. ജ്വല്ലറി തട്ടിപ്പുകേസിൽ പ്രതിയായ ഒരു ജനപ്രതിനിധി പൊതുപരിപാടികൾ പങ്കെടുക്കുന്നത് പ്രതിഷേധാർഹമാണെന്ന് ബിജെപി  പറയുന്നു. പുതിയ കെട്ടിടം പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. ഇതിനിടയിലാണ് എംഎൽഎയുടെ വരവ്. വേദിയിലുണ്ടായിരുന്ന ബിജെപി പ്രതിനിധികളും, ജനപ്രതിനിധികളും ഇറങ്ങിപ്പോവുകയും ചെയ്തു, ജാമ്യത്തിലിറങ്ങിയശേഷം ശേഷം എംസി ഖമറുദ്ദീൻ  പങ്കെടുത്ത ആദ്യ  പൊതു  പരിപാടിയായിരുന്നു ഇത്.