തൊഴിൽ സമരം കത്തിപടരുന്നു, സർക്കാരിന് കുലുക്കമില്ല

തിരുവനന്തപുരം. ഉദ്യോഗാർഥികളുടെ അതിജീവന സമരത്തിൽ തിളച്ചു മറിഞ്ഞു തലസ്ഥാനം. സർക്കാരാകട്ടെ നിയമനടപടികളുമായി മുന്നോട്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യുവജന വിദ്യാർത്ഥി സംഘടനകളുടെ സമരം സംഘർഷത്തിലേക്ക്‌ നീങ്ങുമ്പോഴും സർക്കാറിന് കുലുക്കമില്ല. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് തന്നെ.

സെക്രട്ടറിയേറ്റിനു മുന്നിൽ തൊഴിൽ സമരം കത്തി പടരുകയാണ്. ഉദ്യോഗാർഥികൾക്ക് പിന്തുണയർപ്പിച്ചും, പിൻവാതിൽ നിയമങ്ങളിൽ പ്രതിഷേധിച്ചും രാത്രി യോളം വിവിധ  രാഷ്ട്രീയപ്പാർട്ടി  യുവജന  സംഘടനകൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതൊക്കെയും സംഘർഷത്തിലാണ് കലാശിക്കുന്നതും. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.