പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചു, നിയമസഭയിലേക്ക് മത്സരിച്ചേക്കും.കോഴിക്കോട്. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു രാജി. നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്.

പി കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ  ആശയക്കുഴപ്പം തുടരുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ എംപി സ്ഥാനം നിലനിർത്തിക്കൊണ്ട് പാർട്ടിയെ സംസ്ഥാനത്താകെയുള്ള   പ്രവർത്തനങ്ങൾക്ക് കുഞ്ഞാലിക്കുട്ടി ചുക്കാൻ പിടിക്കണമെന്ന  അഭിപ്രായമായിരുന്നു ലീഗ് നേതാക്കൾക്കിടയിൽ ഉണ്ടായിരുന്നത്. ഇതിനിടയിലാണ് രാജി സമർപ്പിച്ചത്.

അതേസമയം കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുകയും, യുഡിഎഫിനു സംസ്ഥാന ഭരണം കിട്ടാതെ വരികയും ചെയ്താൽ അത് പാർട്ടിക്കുള്ളിൽ  കുഞ്ഞാലിക്കുട്ടിക്കെതിരെ കലാപത്തിന് വഴിയൊരുക്കും. എംപി സ്ഥാനം രാജി വെച്ചതിനേയും  ചോദ്യംചെയ്യപ്പെടും. 

മുന്നണിയുടെ കെട്ടുറപ്പിനും, നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്  കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം കേരളത്തിൽ അനിവാര്യമാണെന്നുള്ള  യുഡിഎഫ് നേതൃത്വത്തിന്റെ  ആവശ്യപ്രകാരമാണ് അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമായതെന്നാണ്  യുഡിഎഫ് നേതൃത്വം പറയുന്നത്. എന്നാൽ ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളിൽ കുഞ്ഞാലിക്കുട്ടിയെ പോലുള്ള കരുത്തരായ എം പി മാർ ഡൽഹിയിൽ  ഉണ്ടാകുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് മറുഭാഗത്തിനുള്ളത്. അതാണ്‌ എം പി സ്ഥാനം രാജി വെക്കരുതെന്നും ആവശ്യം ഉയർന്നതും. 

നിയമസഭയിലേക്ക് സുരക്ഷിതമായ മണ്ഡലത്തിലായിരിക്കും കുഞ്ഞാലിക്കുട്ടി മത്സരിക്കുക എന്നാണ് അറിയുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ  ലീഗ് വോട്ടുകളിൽ വിള്ളൽ  ഉണ്ടാക്കാൻ കഴിയുന്ന കരുത്തനായ സ്ഥാനാർത്ഥിയെ നിർത്താനാണ് എൽഡിഎഫ് നീക്കം.keyword:kunjalikkutty,mp