വ്യാപാരി നേതാക്കൾ കക്ഷി ചേർന്നു: കോടതി ഇടപെട്ട് കുമ്പള മത്സ്യ മാർക്കറ്റിലേക്കുള്ള വഴി തുറന്നു കൊടുത്തു

കുമ്പള. കോടതിവിധിയെ തുടർന്ന് കെട്ടിയടച്ച വഴി വീണ്ടും തുറന്നു കൊടുത്തു.കുമ്പള മത്സ്യമാർക്കറ്റ്‌ലേക്കും, പത്തോളം വ്യാപാര  സ്ഥാപനങ്ങളിലേക്കുമുള്ള വഴിയാണ് രണ്ടുമാസം മുമ്പ് പോലീസും, റവന്യൂ ഉദ്യോഗസ്ഥരും  ചേർന്ന് കെട്ടി അടച്ചത്. ഇത് വലിയ ഒച്ചപ്പാടിന് കാരണമായിരുന്നു.

കേന്ദ്രസർക്കാരിന് കീഴിലുള്ള തപാലാപ്പീസിന്റ സ്ഥലത്തർക്കവുമായി ബന്ധപ്പെട്ട് കേസ് കുറെ കാലമായി കോടതിയിലായിരുന്നു. വഴിയെ ചൊല്ലിയുള്ള തർക്കം മത്സ്യ മാർക്കറ്റിനടുത്തുള്ള കെട്ടിട ഉടമ ചോദ്യം ചെയ്ത് കോടതിയിൽ പോയതിനെ തുടർന്നായിരുന്നു കേസ്. വർഷങ്ങൾക്ക് ശേഷം കേസിൽ വിധി പോസ്റ്റ്‌ ഓഫീസ് സ്ഥലത്തിനനുകൂലമായി വന്നു. ഇതേ തുടർന്ന് മത്സ്യ മാർക്കറ്റിലേക്കും, വ്യാപാര സ്ഥാപനങ്ങളിലേക്കുമുള്ള വഴി പോലീസും റവന്യൂ അധിക്രതരും ചേർന്ന് കമ്പി വേലി കെട്ടി അടക്കുകയായിരുന്നു. 

വിഷയം വ്യാപാരികളുടെയും, മത്സ്യ തൊഴിലാളികളുടെയും തൊഴിലിനെ കൂടി ബാധിച്ചതോടെ കുമ്പള വ്യാപാരി -വ്യവസായി ഏകോപനസമിതി നേതാക്കൾ ഇടപെടുകയും കേസിൽ കക്ഷി ചേരുകയും കോടതിയിൽ പുനഃപരിശോധനാ ഹരജി നൽകുകയും ചെയ്തു. അതിനിടെ മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. ഇതേ തുടർന്ന് നടത്തിയ കോടതി ഇടപെടലിനെ തുടർന്നാണ്  വഴി തുറന്നു കൊടുക്കാൻ തീരുമാനമായത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച പോലീസും, റവന്യൂ അധിക്രതരും വ്യാപാരി നേതാക്കളുടെ സാനിധ്യത്തിൽ വഴി തുറന്ന് കൊടുക്കുകയും ചെയ്തു.