ഭർത്താവിനെ കഞ്ചാവ് കേസിൽ കുടുക്കിയതായി യുവതി; പാതിരാത്രി പൊലിസ് വീട്ടിൽ അതിക്രമിച്ചു കയറിയതായും ആരോപണം

കുമ്പള: കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പാതിരാത്രി വീട്ടിലെത്തിയ പൊലിസ് വനിതാ പൊലിസിൻ്റെ സാന്നിധ്യമില്ലാതെ വീട്ടിൽ അതിക്രമിച്ചു കയറിയതായി യുവതി കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.വീടിനു സമീപം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിയനായ സോങ്കാലിലെ റഫീഖിൻ്റെ ഭാര്യ ഖൈറുന്നിസയാണ് ആരോപണവുമായി രംഗത്തെത്തിയത്. 

പൊതുപ്രവർത്തകനായ തൻ്റെ ഭർത്താവിനെ കേസിൽ കുടുക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് പൊലിസ് നടത്തിയ റെയ്ഡും ഒരു പൊതി പിടിച്ചെടുത്തതെന്നും യുവതി പറഞ്ഞു.

ആദ്യമെത്തിയ  പൊലിസ് സംഘം വീടിനകത്ത്ഏറെ നേരം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരിച്ചു പോയ പൊലിസ് അൽപ്പ നേരത്തിനു ശേഷം വീണ്ടും വന്ന് ആരോ കെണ്ടിട്ട ഒരു പൊതി ഇവിടെ നിന്നും എടുത്ത്  കൊണ്ടുപോവുകയായിരുന്നുവെന്ന് ഖൈറുന്നിസ പറയുന്നു.  എന്താണ് ഇവിടെ നിന്നും കിട്ടിയതെന്ന കാര്യം തങ്ങൾ അറിയുന്നത് തന്നെ പിറ്റേ ദിവസമാണ്.നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാണ് പൊലിസ് വീട്ടിൽ അതിക്രമിച്ചു കയറി പരിശോധിച്ചതെന്നാണ്  ഖൈറുന്നിസ പറയുന്നത്.  

രാഷ്ടീയ പ്രവർത്തനവും പൊതു പ്രവർത്തനവുമായി മാന്യമായ നിലയിൽ ജീവിക്കുന്ന ഭർത്താവിനെ കള്ള കേസിൽ കുടുക്കാൻ ചില  രാഷ്ട്രീയ കോണിൽ നിന്നുള്ള ഇടപെടലാണ് കഞ്ചാവ് വീടിനകത്ത് കൊണ്ടിട്ടതിനു പിന്നിലെന്ന് ഇവർ ആരോപിച്ചു.പൊലിസിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് യുവതി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ഉമ്മ ഷംഷാദയും ഉണ്ടായിരുന്നു.