യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച് വിദ്യാർത്ഥിനി

കാസറഗോഡ്. യാത്രയ്ക്കിടെ അപരിചിതനായ വ്യക്തിയിൽ നിന്ന് നേരിട്ട ദുരനുഭവം സാമൂഹികമാധ്യമങ്ങളിൽ പങ്ക് വെച്ച് കോളേജ് വിദ്യാർത്ഥിനി. 

കാസർഗോഡ് കെ. എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ അനുഭവിച്ച കാര്യമാണ് സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ യുവതി പങ്കുവെച്ചത്. രണ്ടാം വർഷ ബിരുദത്തിന് പഠിക്കുന്ന യുവതിക്ക് തിങ്കളാഴ്ച വൈകുന്നേരമാണ് ദുരനുഭവം നേരിടേണ്ടിവന്നത്.

കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാസർഗോഡ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസിൽ ഇരിക്കുമ്പോഴാണ് മധ്യവയസ്കൻ ലൈംഗിക ചേഷ്ടയോടെ ഇവർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത്. തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കർണാടക സ്റ്റേറ്റ് ബസിലിരുന്ന ആളിന്റെ  ചേഷ്ടകൾ യുവതി ഉടൻ മൊബൈലിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

അപമര്യാദയായി പെരുമാറിയ ആളെ നിയമത്തിനു മുന്നിലെത്തിക്കാൻ കാസർഗോഡ് വനിതാ പോലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി എഴുതി നൽകി. സംഭവത്തിൽ വനിതാ എസ്ഐയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.