കാസറഗോഡ് നിയമസഭാ മണ്ഡലം:വികസനത്തിനായി ഇടപെടലുകൾ നടത്തിയെന്ന് എൻ എ നെല്ലിക്കുന്ന്, എംഎൽഎ പദവി അലങ്കാരം മാത്രമെന്ന് ബിജെപി

കാസറഗോഡ്. കാസർഗോഡ് മണ്ഡലത്തിലെ വികസനത്തിന് വലിയ തോതിലുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് എൻ എ  നെല്ലിക്കുന്ന് എംഎൽഎ. മുസ്ലിം ലീഗ് എംഎൽഎ പദവി  അലങ്കാരം മാത്രമായി കൊണ്ടുനടക്കുന്നയാണെന്ന് ബിജെപി. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാഷ്ട്രീയപാർട്ടി നേതാക്കളുടെ വാക്ക്‌പോര്  തുടങ്ങി. 

മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കൃത്യമായ ഇടപെടലുകൾ നടത്തിയെന്ന് എൻ എ  നെല്ലിക്കുന്ന് അവകാശപ്പെടുമ്പോൾ, രണ്ടു പതിറ്റാണ്ടായി കാസർഗോട്ടെ ജനങ്ങളുടെ കുടിവെള്ള  പ്രശ്നത്തിന് പരിഹാരം കാണാൻ എംഎൽഎ യ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ബിജെപി കാസർഗോഡ് മണ്ഡലം പ്രസിഡണ്ട് ഹരീഷ്  നാരമ്പടി ആരോപിക്കുന്നു. ബദിയടുക്കയിൽ നിർമ്മിക്കുന്ന കാസർഗോഡ് മെഡിക്കൽ കോളേജിന് 190 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾക്ക് സാമ്പത്തികാനുമതി നേടിയെടുക്കാൻ സാധിച്ചുവെന്ന്  എൻ എ നെല്ലിക്കുന്ന്  അവകാശപ്പെട്ടു.അതെ സമയം ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമാക്കാൻ കഴിയാത്തത് ആരോഗ്യമേഖലയിലെ അവഗണനയ്ക്ക് ഉദാഹരണമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.

കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാനായിട്ടില്ല. നഗരത്തിലെ മാലിന്യ നിർമ്മാർജ്ജനത്തിന് പദ്ധതി കൊണ്ടുവരാനും സാധിച്ചിട്ടില്ലെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.