ബിജെപിയിലേക്കില്ലെന്ന് ഗുലാം നബി ആസാദ്

ന്യൂഡൽഹി: ബിജെപിയിലേക്ക് താൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്.  ഇന്ന് രാജ്യസഭയിൽ നിന്ന് വിരമിക്കാനിരിക്കെ നാല് പതിറ്റാണ്ട് നീണ്ട പാർലമെൻറ് ജീവിതത്തിനുശേഷം മറുകണ്ടം ചാടാനില്ലെന്ന് ആസാദ് തറപ്പിച്ചു പറയുന്നു. 

കഴിഞ്ഞദിവസം രാജ്യസഭയിൽ ആസാദിനായി  നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി വികാരാധീനനായിരുന്നു. മോദിയുമായുള്ള  വ്യക്തിബന്ധം ബിജെപിലേക്കുള്ള ആസാദിന്റെ വഴിയൊരുക്കിയേക്കുമെന്ന സൂചനകൾ പിന്നാലെ വന്നിരുന്നു. എന്നെ അറിയാത്തവരാണ് പാർട്ടി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതെന്ന്  ആസാദ് പറഞ്ഞു.

ആസാദ് കോൺഗ്രസിൻറെ അവിഭാജ്യ ഘടകമാണെന്നും, പാർട്ടിയെ  സംഘടനാതലത്തിൽ ശക്തിപ്പെടുത്തുന്നതിനടക്കമുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹത്തിൻറെ സേവനം ഇനിയും ആവശ്യമാണെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.