എൻഡോസൾഫാൻ: ജില്ലാ കളക്ടറും, സംഘടനകളും കൊമ്പുകോർക്കുന്നു

കാസറഗോഡ്. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ അനർഹർ കടന്നുകൂടി സർക്കാറിന് കോടികളുടെ അധികബാധ്യത ഉണ്ടായെന്ന അന്വേഷണറിപ്പോർട്ട് വിവാദത്തിൽ. സാമൂഹിക നീതി വകുപ്പ് നിർദ്ദേശപ്രകാരം കാസറഗോഡ് കളക്ടർ ഡോ, ഡി സജിത്  ബാബുവാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അനർഹരെ കണ്ടെത്താൻ പട്ടികയിലുള്ള മുഴുവൻപേരെയും വിദഗ്ധ ഡോക്ടർമാരെ കൊണ്ട് പുന: പരിശോധിക്കണമെന്നാണ് റിപ്പോർട്ട്. ഇതാണ് വിവാദത്തിന് വഴിവെച്ചത്.

എന്നാൽ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായം അട്ടിമറിക്കുകയാണ് റിപ്പോർട്ട് ലക്ഷ്യമെന്ന് എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടിയുള്ള സംഘടനകൾ കുറ്റപ്പെടുത്തുന്നു. കാർഷിക സർവ്വകലാശാലയിലെ മുൻ ഉദ്യോഗസ്ഥനായ കലക്ടർ എൻഡോസൾഫാന് അനുകൂല നിലപാടാണ് മുമ്പ് സ്വീകരിച്ചിട്ടുള്ളതെന്നും, എൻഡോസൾഫാൻ നിരോധിച്ചതിന് സമരം ചെയ്തവരോടുള്ള  പ്രതികാരം  ചെയ്യുകയാണ്  കളക്ടറെന്നും സംഘടനകൾ ആരോപിക്കുന്നു.

പട്ടികയിൽ അനർഹർ കടന്നുകൂടിയത് സംബന്ധിച്ച് വിജിലൻസ് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിലാണ് സാമൂഹിക നീതി വകുപ്പ് കലക്ടറോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.