എൻഡോസൾഫാൻ പ്രതിഷേധ ജ്വാല 18ന്

കാസറഗോഡ്. എൻഡോസൾഫാൻ ദുരന്തത്തെ തമസ്കരിക്കാൻ കളക്ടർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് 18ന് രാവിലെ പത്തിന് പ്രതിഷേധജ്വാല തീർക്കും.

കാസർകോട് ഒപ്പ്‌  മരച്ചോട്ടിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്. എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ അനർഹർ കടന്നിട്ടുണ്ടെ  ന്ന് പറഞ്ഞ് വീണ്ടും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം കീടനാശിനി കമ്പനികളുടെ താൽപര്യമാണെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി യോഗം ആരോപിച്ചു.

അനർഹർ ഉണ്ടെങ്കിൽ അതിന് ഉത്തരവാദികളെ കണ്ടെത്തി ആവശ്യമായ നടപടികൾ എടുക്കണം. അതിനുപകരം ദുരിതബാധിതരെ പരീക്ഷണ വസ്തുക്കളാ  ക്കുന്നത് ഒരു കാരണവശാലും സർക്കാർ അംഗീകരിക്കരുത്. ഭരണകൂട ഭീകരത ഏൽപ്പിച്ച ദുരിതങ്ങളിൽ  ഉൾപ്പെട്ടവരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിൽ നിക്ഷിപ്തമാണ്. അതിനുപകരം ചിലവ് തുക നിരത്തി നഷ്ടക്കണക്കുകൾ നിരത്തുന്നത് ശരിയായ നടപടിയല്ല. യോഗം അഭിപ്രായപ്പെട്ടു. 

മുനീസ അമ്പലത്തറ അധ്യക്ഷയായി. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, എം പി ജമീല, കെ കൊട്ടൻ, ഒ ശർമിള, സുനിതാ ജോർജ്, പി ജെ ആൻറണി,പി ലതിക, കെ പ്രവീൺ, എസ് മനോജ്‌, കെ രാജീവൻ എന്നിവർ സംസാരിച്ചു.