കാലിത്തീറ്റകളിലെ മായം തടയാൻ ഓർഡിനൻസ് വരുന്നു: നിയമ നിർമ്മാണം രാജ്യത്ത് ആദ്യം

തിരുവനന്തപുരം. കാലിത്തീറ്റ,കോഴിത്തീറ്റ, ധാതുലവണ മിശ്രിതം എന്നിവയിൽ മായം ചേർക്കുന്നത് തടയാൻ നിയമം വരുന്നു. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

തീറ്റ നിർമ്മാതാക്കൾ നിയമത്തിനു വിരുദ്ധമായി പ്രവർത്തിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യാനും, പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള നിയമ നിർമ്മാണം നടത്തുന്നത്. ചോളപ്പൊടി,  വിവിധതരം പിണ്ണാക്കുകൾ, ഗോതമ്പ് തവിട്  എന്നിവയും നിയമത്തിൻറെ പരിധിയിൽ വരും.

സംസ്ഥാനത്ത് ആവശ്യമായ കാലിത്തീറ്റയുടെ  50 ശതമാനത്തിൽ താഴെ മാത്രമേ സംസ്ഥാനത്ത്  ഉൽപ്പാദിപ്പിക്കുന്നുള്ളൂ. പുറത്തുനിന്ന് വരുന്ന ബദൽ തീറ്റകളിൽ നല്ലതോതിൽ മായം ചേർക്കപ്പെടുന്നുണ്ടെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.