സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന് 250 രൂപ; തിങ്കളാഴ്ച മുതല്‍ രണ്ടാംഘട്ട കുത്തിവയ്പ്പ്


രാജ്യത്ത് തിങ്കളാഴ്ച രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന് ചാര്‍ജ്ജ് നിശ്ചയിച്ചു. ഒരു ഡോസ് വാക്സിന് 250 രൂപയാണ് ഈടാക്കുക.

അറുപത് വയസ് കഴിഞ്ഞവര്‍ക്കും നാല്‍പത്തിയഞ്ച് വയസ് കഴിഞ്ഞ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമാണ് തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.


ഇരുപത്തിയേഴ് കോടി പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. കൊവിന്‍ ആപ് മുഖേനയായിരിക്കും വാക്സിനേഷനുള്ള രജിസ്‌ട്രേഷനെന്നാണ് സൂചന.


കേരളത്തില്‍ വാക്സിന്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ പണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.