ജില്ലയിൽ കോവിഡ് പരിശോധനയ്ക്ക് പുതിയ പദ്ധതി :ഒരു ദിവസം ഒരു കുടുംബം

കാസറഗോഡ്. ജില്ലയിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കാനായി "ഒരു ദിവസം ഒരു വാർഡിൽ ഒരു കുടുംബം'' പരിശോധന നടത്താനുള്ള പദ്ധതി നടപ്പിലാക്കാൻ ജില്ലാതല കൊറോണ കോർ  കമ്മിറ്റിയോഗം തീരുമാനിച്ചു.

തുടർച്ചയായി 14 ദിവസം കൂടുതൽ കുടുംബങ്ങളെ കോവിഡ്  പരിശോധനയ്ക്ക് ഹാജരാക്കുന്ന പഞ്ചായത്തിനും, പ്രസിഡണ്ട്, സെക്രട്ടറി എന്നിവർക്കും പുരസ്കാരം നൽകാൻ കലക്ടർ ഡി സജിത് ബാബുവിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

മാസത്തിൽ ഒരു തവണ അധ്യാപകരും, വിദ്യാർത്ഥികളും കോവിഡ്  പരിശോധന നടത്തണം.ഇതിനായി ഡി എംഒ തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധനയ്ക്ക് സൗകര്യമൊരുക്കും. സർക്കാർ ഓഫീസിലെ ജീവനക്കാരും കോവിഡ്  പരിശോധന ചാലഞ്ച് ഏറ്റെടുക്കണം.എല്ലാ ജീവനക്കാരും നിർബന്ധമായും പരിശോധന നടത്തണം.