കർണ്ണാടകയിലേക്ക് കടക്കണമെങ്കിൽ കോവിഡ് ടെസ്റ്റ് നിർബന്ധം

കർണാടക വീണ്ടും അതിർത്തി അടച്ചിടുന്നു. 72 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സെർടിഫികേറ്റ് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവർക്ക് നിർബന്ധമാക്കി.

തലപ്പാടി (മംഗളൂരു), ജാൽസൂർ (സുള്ള്യ), സാറഡ്ക്ക (ബൺട്വാൾ), നെട്ടണിഗെ (പുത്തൂർ) എന്നീ നാല് പോയിന്റുകളൊഴികെ കാസർകോട്ടേക്കുള്ള മുഴുവൻ അതിർത്തികളും കർണാടക സർക്കാർ തിങ്കളാഴ്ച മുതൽ അടച്ചിടും. മംഗളൂരു ഡെപ്യൂടി കമീഷണർ ശനിയാഴ്ച ഇറക്കിയ ഉത്തരവാണിത്.

ബസ് കണ്ടക്ടർമാർ സെർടിഫികേറ്റ് പരിശോധിച്ച ശേഷമേ ടികെറ്റ് കൊടുക്കാവൂ. സ്വകാര്യ വാഹനങ്ങളിലുള്ളവരെ ടോൾ അധികൃതർ ഇതേ പോലെ പരിശോധിക്കും. ട്രെയിൻ, വിമാന യാത്രയിൽ വരുന്നവർക്കും ഇതേ നിയന്ത്രണം ബാധകമാണ്.

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്നു ദിവസവും പോയി വരുന്നവർ 15 ദിവസത്തിലൊരിക്കൽ പരിശോധന റിപോർട്‌ ഹാജരാക്കാണമെന്ന ഉത്തരവ് നേരത്തെ തന്നെ നിലവിലുണ്ട്.