കോവിഡ് വ്യാപനത്തിനും നിയന്ത്രണങ്ങളില്ല:എങ്ങും ആൾകൂട്ടം, ആശങ്ക.


കോഴിക്കോട്. കോവിഡ് ബാധിതരുടെ എണ്ണം നിത്യേന കൂടുമ്പോഴും പൊതുപരിപാടികളിൽ നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് ജനം തിങ്ങി  കൂടുന്നത് ആശങ്ക ഉയർത്തുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പോലെ തന്നെ സർക്കാർ സംവിധാനങ്ങളും അത്തരം  പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിൻറെ പേരിൽ പരസ്പരം പഴിചാരൽ  തുടരുകയും ചെയ്യുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ എല്ലായിടത്തും ജനം തടിച്ചു  കൂടുന്നുണ്ട്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ പ്രവർത്തകരെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കേരള പര്യടനം. ഇതിനു മറുപടി എന്ന നിലയിൽ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ക്ഷേമ പ്രവർത്തനത്തിന്റെ  ഭാഗമായാണ് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സാന്ത്വനം പരിപാടികൾ. ഇതിനും  വൻജനാവലിയാണ് എത്തുന്നത്. രണ്ടിടത്തും എത്തുന്ന ജനക്കൂട്ടം ആവശ്യത്തിന് മാസ്ക് ഇല്ലാതെയും, സാമൂഹിക അകലം പാലിക്കാതെയുമാണ് എത്തുന്നത്. ഇത് കോവിഡ് വ്യാപനത്തിന്  സാഹചര്യമൊരുക്കുമോ  എന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. 

അതിനിടെ ഐശ്വര്യ കേരളയാത്രയിൽ കോവിഡ്  മാനദണ്ഡങ്ങൾ ലംഘിച്ചതിൻറെ പേരിൽ കഴിഞ്ഞദിവസം കണ്ണൂരിൽ നാനൂറിലേറെ പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. സർക്കാർ തന്നെ മുൻകൈയ്യെടുത്ത് നടത്തുന്ന സാന്ത്വനം പരിപാടിയിലും, ഒട്ടേറെ ഉദ്ഘാടന പരിപാടികളിലും ഇതേരീതിയിൽ മാനദണ്ഡം ലംഘിച്ച് ജനം തടിച്ചുകൂടുമ്പോൾ അതിന് അവസരം ഉണ്ടാക്കിയവർക്കെതിരെ എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ല എന്നാണ് പ്രതിപക്ഷത്തിന് ചോദ്യം.


keyword :covid,protocol