കർണ്ണാടക അതിർത്തി അടച്ചു; തീരുമാനം കേന്ദ്രത്തിന്റെ അൺലോക്കിങ്ങ് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപണം


തലപ്പാടി : കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകൾ അടച്ച് കർണാടക. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ 13 ഇടത്തും പാത അടച്ചിട്ടുണ്ട്. തലപ്പാടി ഉള്‍പ്പെടെയുള്ള നാല് പാതകളില്‍ കര്‍ശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മംഗളൂരുവിലെ വിദ്യാർത്ഥികൾ ഉൾപ്പടെ ദിവസവും ജോലി ആവശ്യങ്ങൾക്ക് വേണ്ടി പോയി വരുന്നവരാണ് വലഞ്ഞിരിക്കുന്നത്. മേഖലയിലെ ജനങ്ങളുട ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിധത്തിലാണ് നിയന്ത്രണങ്ങളെന്ന് ജനങ്ങള്‍ പറയുന്നു. നീക്കത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാന്‍ അതിര്‍ത്തി മേഖലയിലെ ജനങ്ങള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.