വെള്ളിയാഴ്ച ഭാരത ബന്ദ്; കടകള്‍ തുറക്കില്ലെന്ന് വ്യാപാരികൾ


വെള്ളിയാഴ്ച വ്യാപാര സംഘടനകള്‍ ഭാരത ബന്ദ് പ്രഖ്യാപിച്ചു. ഇന്ധന വില വര്‍ധന, ജി എസ് ടി, ഇ- വേ ബില്ല് തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി എ ഐ ടി) ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. റോഡ് ഉപരോധിക്കുമെന്ന് ഇവര്‍ അറിയിച്ചു.

രാജ്യത്തെ 40000 വ്യാപാരി സംഘടനകള്‍ സമരത്തിന്റെ ഭാഗമാകുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കടകളും അടഞ്ഞുകിടക്കാനാണ് സാധ്യത. ഗതാഗത മേഖലയിലെ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങാന്‍ സാധ്യത കുറവാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങലും നടക്കില്ല. രാജ്യത്തെ 1500 സ്ഥലങ്ങളില്‍ വെള്ളിയാഴ്ച ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ചില സംഘടനകള്‍ ഭാരത ബന്ദില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ ഐ എം ടി സി), ഭയ്ചര ഓള്‍ ഇന്ത്യ ട്രക്ക് ഓപറേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവരാണ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.