മലപ്പുറം. ജില്ല രൂപീകൃതമായത് മുതൽ മുസ്ലിം ലീഗിന് അപ്രമാദിത്വം ഉയർത്തിപ്പിടിച്ച ജില്ലയാണ് മലപ്പുറം. നേതാക്കളോടുള്ള അതൃപ്തി ഒരുപക്ഷേ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് നേടിയ തിരിച്ചടി നേരിട്ടതൊഴിച്ചാൽ അന്നും, ഇന്നും, എന്നും ഇഷ്ടം വലത്തോട്ട് തന്നെ.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് കനത്ത തിരിച്ചടി ഏറ്റപ്പോൾ മാനം കാത്തത് പച്ച കോട്ടയായ മലപ്പുറം തന്നെയാണ്. മലപ്പുറം ജില്ലയിൽ ലീഗിനെ ദുർബലപ്പെടുത്താൻ ആവനാഴിയിലെ എല്ലാ അമ്പുകളും ഇടതുപക്ഷം പ്രത്യേകിച്ച് സിപിഎം എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രയോഗിക്കാറുണ്ട്. എന്നാൽ എൽഡിഎഫിന് 4ൽ കൂടുതൽ സീറ്റുകൾ നേടാൻ ഇതുവരെ സാധിച്ചിട്ടില്ല. പ്രാദേശികമായി ഉണ്ടാകുന്ന കോൺഗ്രസ്-ലീഗ് പിണക്കമാണ് ഒരുപക്ഷേ ഈ നാല് സീറ്റുകൾ ഇടതുപക്ഷത്തേക്ക് പോകുന്നതിന് കരണമാകുന്നതും.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി,തവനൂർ, നിലമ്പൂർ, താനൂർ എന്നീ മണ്ഡലങ്ങളിലാണ് എൽഡിഎഫ് വിജയിച്ചത്. എൽഡിഎഫ് കരുത്തന്മാരെയാണ് ഇവിടെ ഇറക്കിയതും. സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ, കോൺഗ്രസിൻറെ എക്കാലത്തെയും കുത്തക സീറ്റ് ആയിരുന്ന നിലമ്പൂരിൽ നിന്നുള്ള പി വി അൻവർ, താനൂരിൽ അട്ടിമറി വിജയം നേടിയ വി അബ്ദുറഹ്മാൻ എന്നിവരായിരുന്നു മത്സര രംഗത്ത്.
ഏതായാലും ലീഗ് കോട്ട സംരക്ഷിക്കാൻ തദ്ദേശ ത്തിൽ പരീക്ഷിച്ച യുവജനങ്ങളെ നിയമസഭയിലും പരീക്ഷിക്കുമെന്നാണ് സൂചന. അങ്ങിനെയെങ്കിൽ കുഞ്ഞാലിക്കുട്ടി ഒഴികെ പ്രമുഖ നേതാക്കൾക്ക് മാറിനിൽക്കേണ്ടി വരും.