ചാരിതാർഥ്യത്തോടെ രണ്ടുവാക്ക്...

മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും മികവിന്റെ കേന്ദ്രമായി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തപ്പെടാൻ തിരഞ്ഞെടുക്കപ്പെട്ട ജി വി എച്ച് എസ് എസ് മൊഗ്രാലിന്റെ പുതുതായി നിർമിക്കപ്പെട്ട കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. ഉദ്ഘാടനപരിപാടികൾ ഓൺലൈനിലാണ് നടന്നതെങ്കിലും അത് മൊഗ്രാലുകാരുടെ കൂടി ഉത്സവവും ആഘോഷവുമാക്കുന്നതിനും മൊഗ്രാൽ സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങുകൾ കേമമാക്കുന്നതിനുമായി ഒരു സംഘാടകസമിതി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ ചെയർമാനായി നിശ്ചയിക്കപ്പെട്ടത് എന്നെയായിരുന്നു. നാടിന്റെ നാനാമേഖലകളിൽ നിന്നുമുള്ള ആളുകളെ ഉൾപ്പെടുത്തിയ, വിവിധ ഉപസമിതികൾ ഉൾപ്പെട്ട സംഘാടകസമിതി ഒന്നടങ്കം വളരെയാവേശത്തോടെയായിരുന്നു കഴിഞ്ഞ നാളുകളിൽ പ്രവർത്തിച്ചു വന്നത്. ഓരോ ഉപസമിതിയെയും സ്വതന്ത്രമായും സജീവമായും പ്രവർത്തന നിരതരാവുന്നതിൽ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. സമിതി രൂപീകരിക്കപ്പെട്ട നാൾ മുതൽ നിരന്തരം യോഗങ്ങൾ ചേരുകയും രാത്രികളിൽ സ്കൂളിന്റെ സ്വീകരണമുറി അതിഥികളെയും ആതിഥേയരെയും കൊണ്ട് സജീവമാവുകയും ചെയ്തത് മനോഹരമായ അനുഭവങ്ങളാണ്.

അധ്യാപകരും രക്ഷിതാക്കളും പിടിഎ, എസ് എം സി സംഘങ്ങളും നാട്ടുകാരും പൂർവ വിദ്യാർത്ഥികളും പ്രവാസികളും സന്നദ്ധസംഘടനകളുമൊന്നാകെ മൊഗ്രാൽ സ്കൂളിന്റെയീ ചരിത്രനിമിഷത്തെ നെഞ്ചോടു ചേർത്തതിന്റെ ഫലമായിരുന്നു ഈ പരിപാടിയുടെ വിജയം. വർണവെളിച്ചത്താൽ അലങ്കരിക്കപ്പെട്ട വിദ്യാലയമുറ്റത്ത് പാട്ടിന്റെയിശലുകൾ പെയ്ത രാത്രികൾ മൊഗ്രാലുകാർക്ക് വിരുന്നുവേളകളായി. 'ഒരുവട്ടം കൂടിയാ പഴയ വിദ്യാലയത്തിരു മുറ്റത്തെത്തുവാൻ മോഹം' എന്ന കവിവാക്യം അന്വർത്ഥമാക്കും വിധം സ്കൂൾ മുറ്റത്തേക്ക് ഒരിക്കൽ കൂടി വന്നണയാനും പുതിയ തലമുറ വിദ്യ നുകരുന്നിടം കൗതുകത്തോടെ വീക്ഷിക്കാനും ജനങ്ങൾ ഒഴുകിയ നാളുകളായിരുന്നു കഴിഞ്ഞുപോയത്. നാടിന്റെയും വിദ്യാലയത്തിന്റെയും ചരിത്രപഥങ്ങളിലൂടെ സഞ്ചരിച്ച ഡോക്യുമെന്ററിയെ ജനസമൂഹം ഏറ്റെടുത്തതിന്റെ തെളിവുകളാണ് ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന അഭിനന്ദനപ്രവാഹങ്ങൾ. ഓർമ്മകളുടെ ചേരുവകൾ ചേർത്ത മനോഹരമായ ദൃശ്യവിരുന്നാണ് മൊഗ്രാലുകാർക്ക് ആ ഡോക്യുമെന്ററി സമ്മാനിച്ചത്. അണിയരപ്രവർത്തകർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. 

ഇത് കേവലം ഒരുത്സവാവസരം മാത്രമല്ല. മറിച്ച് ഓരോ രക്ഷിതാവിനും തന്റെ കുട്ടിക്ക് ലഭിച്ച സൗകര്യങ്ങളെക്കുറിച്ചാലോചിക്കാനുള്ള അവസരം കൂടിയാണ്. ഭൗതികസാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. കുട്ടികൾക്കു വേണ്ടി കഠിനമായധ്വാനിക്കുന്ന പ്രഗത്ഭരായ അധ്യാപകർ നമുക്കുണ്ട്. നമ്മുടെ കുട്ടികൾക്കു വേണ്ടി നമ്മളും കൂടി സമയവും ശ്രദ്ധയും ചിലവഴിച്ചാൽ മാത്രമേ ഇതിന്റെയെല്ലാം ഫലം അനുഭവിക്കാൻ സാധിക്കുകയുള്ളൂ. അതിന് ഓരോ രക്ഷിതാവും ജാഗ്രത പുലർത്തട്ടെ.

ഈ ആഘോഷവേളയെ ഏറ്റവും മനോഹരമാക്കുന്നതിന് സഹകരിച്ച ഒട്ടേറെയാളുകളുണ്ട്. വിശ്രമമില്ലാതെ പ്രവർത്തിച്ച ഉപസമിതികൾ, പി ടി എ, എസ് എം സി സംവിധാനങ്ങൾ, അധ്യാപകർ, ആവേശത്തോടു കൂടി സംഭാവനകൾ നൽകിയ എസ് എസ് എൽ സി ബാച്ചുകളും പൗരപ്രമുഖരും സ്ഥാപനങ്ങളും, പരസ്യവും വാർത്തയും ഏറ്റവും വേഗത്തിൽ നൽകിയവർ, ശബ്ദവും വെളിച്ചവും ഒരുക്കിയവർ, ഭക്ഷണമൊരുക്കിയവർ, സുരക്ഷാക്രമീകരണങ്ങൾ ശ്രദ്ധിച്ചവർ, പങ്കെടുത്ത് വിജയിപ്പിച്ചവർ തുടങ്ങി എല്ലാവരെയും സ്നേഹത്തോടെ അഭിവാദ്യം ചെയ്തുകൊണ്ട്, 

09-02-2021 രാത്രി ചേർന്ന അവലോകനയോഗത്തോടുകൂടി സംഘാടകസമിതി പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട്,

മാഹിൻ മാസ്റ്റർ, ചെയർമാൻ 

സംഘാടക സമിതി.