500ഉം കടന്ന് കൊട്ടടയ്ക്ക വില

കാഞ്ഞങ്ങാട്. ഉണങ്ങിയ അടയ്ക്കയുടെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. കൊട്ടടയ്ക്ക കിലോഗ്രാമിന് ഇന്നലെ വിപണിയിൽ 510 രൂപയോളമെത്തി. ലോക്ക് ഡൗണിനു മുൻപ് കൊട്ടടയ്ക്കയുടെ വില 298 രൂപയായിരുന്നു. 

ദിവസേന അഞ്ചും പത്തും രൂപയുടെ വർദ്ധനവാണ് ഉണ്ടാകുന്നത്. കുത്തനെ ഇടിഞ്ഞ അടയ്ക്ക വിലയാണ് ഇപ്പോൾ ഉയർന്ന വിലയിൽ എത്തിനിൽക്കുന്നത്.

കോവിഡ് മൂലം അടക്ക ഇറക്കുമതി നിലച്ചതും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടയ്ക്ക ആവശ്യകത കൂടിയതുമാണ് ഇപ്പോൾ ഉയർന്ന വിലയ്ക്കുള്ള കാരണമായി പറയുന്നത്. കാലാവസ്ഥ വ്യതിയാനത്തിൽ അടയ്ക്ക ഉത്പാദനം കുറഞ്ഞതും മറ്റൊരു കാരണമാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അടയ്ക്ക ഉത്പാദിപ്പിക്കുന്നത് കാസർഗോഡ് ജില്ലയിലാണ്. കഴിഞ്ഞകാലങ്ങളിൽ മഹാളി രോഗം കാരണം വലിയതോതിലുള്ള വിളനഷ്ടമാണ് ജില്ലയിലെ അടയ്ക്കാ കർഷകർക്ക് ഉണ്ടായിട്ടുള്ളത്. ഇപ്പോൾ  ഉണ്ടായിട്ടുള്ള വിലകയറ്റം കർഷകർക്ക് ആശ്വാസമേകിയിട്ടുണ്ട്.