ഐശ്വര്യ കേരള യാത്രയ്ക്കിടയിൽ മത സാമുദായിക നേതാക്കളുടെ പിന്തുണ തേടി കോൺഗ്രസ് നേതൃത്വം.
കണ്ണൂർ. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ  മത സാമുദായിക നേതാക്കളുടെ പിന്തുണ തേടി കോൺഗ്രസ് നേതൃത്വം. യൂഡിഎഫ്ന്റെ ഐശ്വര്യ കേരള യാത്രയ്ക്കിടയിലാണ് കോൺഗ്രസ് നേതാക്കൾ മത  നേതാക്കളുമായി ചർച്ച നടത്തുന്നത്. 

യാത്ര ഇന്ന്  കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ യാത്ര  പര്യടനം ഇന്നലെ പൂർത്തിയാകുമ്പോൾ സാമുദായിക നേതാക്കളെ കണ്ട് കോൺഗ്രസ്‌ നേതാക്കൾ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്.

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി ചെയർമാൻ ഉമ്മൻചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലകൾതോറും സാമുദായിക നേതാക്കളെ കണ്ടു പിന്തുണ അഭ്യർത്ഥിക്കുന്നത്. 

യാത്ര തുടങ്ങുന്നതിന് മുമ്പായി തന്നെ കോൺഗ്രസ് നേതാക്കൾ മത-സാമുദായിക നേതാക്കളുടെ പിന്തുണ തേടിയിരുന്നു. പാണക്കാട് ഹൈദറലി ശിഹാബ് തങ്ങൾ, എസ്എൻഡിപി സെക്രട്ടറി വെള്ളാപ്പള്ളി  നടേശൻ, താമരശ്ശേരി കോഴിക്കോട് ബിഷപ്പ്മാർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ, അഖിലേന്ത്യ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവരെയാണ് നേരത്തെ കണ്ടു ചർച്ച നടത്തിയ മതനേതാക്കൾ. എല്ലാവരുടെയും  ചർച്ചകൾ  പ്രതീക്ഷയ്ക്ക് വഴിയൊരുക്കുന്നുവെന്ന്   കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുകയും ചെയ്തിരുന്നു.
keyword:aishwarya,kerala,yathra