സര്‍ക്കാരിന്റെത് അനുകൂല സമീപനം; സമരം അവസാനിപ്പിച്ച് എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍

തിരുവനന്തപുരം: മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എല്‍ ജി എസ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഇന്ന് രാവിലെ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല സമീപനമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ പറഞ്ഞത്. ആവശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ നടപ്പാക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയെന്നും അവര്‍ പറഞ്ഞു. നൈറ്റ് വാച്ച്‌മാന്‍ തസ്തികയുടെ ജോലിസമയം എട്ട് മണിക്കൂറാക്കി പുതിയ തസ്തിക സൃഷ്ടിക്കുന്നത് പരിഗണിക്കുമെന്നും ഇങ്ങനെ ഉണ്ടാകുന്ന തസ്തികകളില്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്നുതന്നെ നിയമനം നടത്തുമെന്ന ഉറപ്പുലഭിച്ചതായും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.