സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് നാളെ പതിനൊന്നാണ്ട്

കാസർകോട്: സമസ്ത വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് നാളെ പതിനൊന്നാണ്ട് തികയുന്നു. ഉസ്താദിന്റെ ഘാതകരെ നിയമത്തിൽ മുമ്പിൽ കൊണ്ടുവരുന്നത് കാണാനാവാതെ ഇന്നലെ അദ്ദേഹത്തിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ മരണപ്പെടുകയുണ്ടായി.  പ്രതികളെ ഉടൻ പിടികൂടണമെന്നും അർഹമായ ശിക്ഷ നൽകണമെന്നുമുള്ള നിരന്തരമായ ആവശ്യം എവിടെയുമെത്താതെ അവശേഷിക്കുകയാണ്.

 2010 ഫെബ്രുവരി 15-ന് രാവിലെയാണ് ചെമ്പരിക്ക കടപ്പുറത്തെ പാറക്കെട്ടിൽ സി.എം അബ്ദുല്ല മൗലവി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും സി.ബി.ഐയും ഇടപെട്ട കേസ് അന്വേഷണം  വഴിമുട്ടി നിൽക്കുകയാണ്. ശാസ്ത്രീയമായ തെളിവ് ശേഖരണം നടത്താതെ ആത്മത്യയാണെന്ന്  വാദിക്കാനായിരുന്നു അവരെല്ലാം ധൃതി കാട്ടിയിരുന്നത്. ഏറെ പ്രക്ഷോഭങ്ങളും സമരപരമ്പരകളുമാണ് കേസ് അന്വേഷണത്തിന്റെ നാൾവഴികളിൽ കാണാനായത്.  രണ്ട് തവണയും സി.ബി.ഐ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണം അവസാനിപ്പിച്ചത്. സർവ്വരാലും അംഗീകരിക്കപ്പെടുന്ന ഒരു മതപണ്ഡിതൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന പൊതുബോധത്തെ ഏറ്റവുമൊടുവിൽ അംഗീകരിച്ച സി.ബി.ഐ  മരണം കൊലപാതകമാണെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണ ഘട്ടത്തിൽ തന്നെ കേസിനെ വഴിതിരിച്ചുവിടാൻ തെളിവുകൾ നശിപ്പിച്ചെന്നും  അന്വേഷണത്തിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായെന്നും ജനകീയ ആക്ഷൻ കമ്മിറ്റി ആരോപിച്ചു കഴിഞ്ഞു. ശരിയായ അന്വേഷണം നടത്തി  പ്രതികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് എസ്.കെ.എസ്.എസ്.എഫ് ആദ്യ ഘട്ടം മുതലേ ആവശ്യപ്പെട്ടിരുന്നു. നീതി പുലർന്നു കാണുന്നതിലുള്ള പ്രതീക്ഷയിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് ബന്ധുമിത്രാദികളും അദ്ദേഹത്തെ സ്നേഹിക്കുന്നവരും .