അടയ്ക്കക്കും ചരിത്രവില, കൊട്ടടക്കയ്ക്ക് 440 രൂപ

കാഞ്ഞങ്ങാട്. കൊട്ടടയ്ക്ക വിലവിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.പഴയ കൊട്ടടയ്ക്ക കിലോഗ്രാമിന് 440 രൂപയിലും, പുതിയത് 385 രൂപയുമാണ് കാഞ്ഞങ്ങാട് വിപണിയിൽ കച്ചവടം നടന്നത്. ലോക്ക് ഡൗണിന്  മുമ്പ് 2020 മാർച്ച് മാസത്തിൽ 266 രൂപയും 298 രൂപയുമായിരുന്നു വില. പിന്നീടങ്ങോട്ട് വില കൂടുന്ന സാഹചര്യമാണ് ഉണ്ടായത്.

കോവിഡ് മൂലം അടയ്ക്ക ഇറക്കുമതി നിലച്ചതും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടയ്ക്കയ്ക്ക്  ആവശ്യക്കാർ  കൂടിയതുമാണ് വില ഉയരാൻ  കാരണമായി പറയുന്നത്. കാലാവസ്ഥ വ്യതിയാനത്തിൽ അടയ്ക്ക ഉൽപാദനം കുറഞ്ഞതും മറ്റൊരു കാരണമായി.

സംസ്ഥാനത്ത് കൂടുതൽ അടയ്ക്ക ഉല്പാദിപ്പിക്കുന്ന കാസർഗോഡ് ജില്ലയിലെ കർഷകർക്കാണ്  വില വർദ്ധനവ്  ആശ്വാസമായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതികൂല കാലാവസ്ഥയും, മഹാളി രോഗവും കാരണം വലിയതോതിലുള്ള നഷ്ടമാണ് ജില്ലയിൽ കവുങ്ങ് കർഷകർക്ക് നേരിടേണ്ടിവന്നത്. കർഷകരുടെ സംയുക്ത സംരംഭമായ കാപ്‌കോ വഴിയാണ്  പ്രധാനമായും അടയ്ക്ക വിറ്റഴിക്കുന്നത്.വില ഉയർന്നതോടെ സ്വകാര്യ കച്ചവടക്കാരും രംഗത്തുണ്ട്.