ഇന്ധന വില വീണ്ടും കൂടി; പെട്രോള്‍ ലിറ്ററിന് 88.83 വരെ , ഇനിയും കൂടിയേക്കാംകൊച്ചി : സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്ധന വില കൂടി. ഡീസലിന് 32 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് വര്‍ധനവുണ്ടായത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന്  88.83 ഡീസലിന് 82.96 രൂപയായും ഉയര്‍ന്നു.

പുതുവര്‍ഷം പിറന്ന ശേഷം ലിറ്റിന് 2.96 രൂപയുടെ വര്‍ധനയാണ് പെട്രോളിനുണ്ടായിട്ടുള്ളത്. ഡീസലിന് 3.13 രൂപയുടെ വര്‍ധനയും. വ്യാഴാഴ്ച കൊച്ചിയില്‍ പെട്രോളിന് 86.81 രൂപയും ഡീസലിന് 81.03 രൂപയുമാണ് നിരക്ക്. ഫെബ്രുവരി ഒന്നുമുതല്‍ സി.എന്‍.ജി. (പ്രകൃതി വാതകം) യുടെ വിലയും കൂടി. കിലോയ്ക്ക് രണ്ടുരൂപ വര്‍ധിച്ച് 59.50 രൂപയാണ് നിലവിലെ നിരക്ക്.

വ്യാഴാഴ്ച ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ (എല്‍.പി.ജി.) വില സിലിന്‍ഡറിന് 25 രൂപയാണു വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ വില 726 രൂപയായി. പാചകവാതക വിലയില്‍ നല്‍കിയിരുന്ന സബ്‌സിഡി അടുത്തിടെ പൂര്‍ണമായും നിര്‍ത്തിയിരുന്നു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോ സിലിന്‍ഡറിന് കഴിഞ്ഞദിവസം 191 രൂപ കൂട്ടിയിരുന്നു. അതില്‍ ആറുരൂപ കുറച്ചു. ഇപ്പോള്‍ 1522.50 രൂപയാണ്.

ദിനംപ്രതി ഉയരുന്ന ഇന്ധനവില ഓട്ടോ-ടാക്‌സി മേഖല മുതല്‍ മത്സ്യബന്ധന മേഖലയെ വരെ പ്രതിസന്ധിയിലാക്കി. മണ്ണെണ്ണ വില ഉയര്‍ന്നതിനാല്‍ മത്സ്യബന്ധനം ലാഭകരമല്ലാത്തതിനാല്‍ പലരും കടലില്‍ പോകാത്ത അവസ്ഥയാണ്. റേഷന്‍ മണ്ണെണ്ണയുടെ വിലയും കൂടി. ലിറ്ററിന് മൂന്നുരൂപയാണു കൂടിയത്. ജനുവരിയില്‍ ലിറ്ററിന് 34 ആയിരുന്നത് ഫെബ്രുവരിയില്‍ 37 ആയി. മൂന്നുമാസത്തിനുള്ളില്‍ ലിറ്ററിന് എട്ടുരൂപയുടെ വര്‍ധന. ഒറ്റയടിക്ക് ഇത്രയുംവര്‍ധന ചരിത്രത്തിലാദ്യം. മണ്ണെണ്ണ വില സബ്‌സിഡി ഏറെക്കുറെ ഇല്ലാതായിരിക്കുകയാണ്.

നീല, വെള്ള കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ നല്‍കാന്‍ ഇപ്പോള്‍ കേന്ദ്രം നല്‍കുന്ന വിഹിതംകൊണ്ട് തികയുന്നില്ല. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വര്‍ഷത്തില്‍ നാലു പാദങ്ങളായിട്ടാണ് അനുവദിക്കാറ്.

പൊതുവിതരണ സംവിധാനത്തില്‍ വിതരണം ചെയ്യാനുള്ള മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതോടെ മീന്‍പിടിത്ത ആവശ്യത്തിനും മറ്റും നല്‍കുന്നതിന് സബ്‌സിഡിയില്ലാത്ത മണ്ണെണ്ണ കൂടുതലായി ഇപ്പോള്‍ സംസ്ഥാനം കേന്ദ്രത്തില്‍നിന്നു വാങ്ങുകയാണു ചെയ്യുന്നത്. ഈ വര്‍ഷം 15,000 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് ഇങ്ങനെ അനുവദിച്ചത്.

നിലവിലെ വിലക്കയറ്റം തുടര്‍ന്നാല്‍ പുതിയ റെക്കോഡുകളിലേക്ക് ഇന്ധനവിലയെത്തും. അന്താരാഷ്ട്ര വിപണിയില്‍ അംസ്‌കൃത എണ്ണയുടെ വില കൂടിയതാണ് വിലവര്‍ധനയ്ക്കു കാരണമായി പറയുന്നത്. ഇനിയും വില ഉയരുന്ന പ്രവണതയാണ് കാണുന്നത്.

keyword:petrol,price