നാലുവർഷത്തിനിടെ അജ്ഞാതവാഹനമിടിച്ചു കൊന്നത് 1234 പേരെ

തിരുവനന്തപുരം. നാലു വർഷത്തിനിടെ സംസ്ഥാനത്ത് അജ്ഞാത വാഹനങ്ങൾ ഉണ്ടാക്കിയ അപകടങ്ങളിൽ നഷ്ടമായത് 1234 ജീവനുകൾ. 9036 പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിനിടയാക്കിയ വാഹനങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാൽ ഇവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. 

2017 മുതൽ 2020 വരെ നടന്ന 11250  കേസുകളിൽ അപകടമുണ്ടാക്കിയ വാഹനങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു.

അപകടത്തിന് ഇരയായവരിൽ ഭൂരിഭാഗവും കാൽനടയാത്രക്കാരും, ഇരുചക്രവാഹന യാത്രക്കാരുമാണ്. അജ്ഞാത വാഹനങ്ങൾ ഇടിച്ച് മരണപ്പെടുന്ന വർക്ക് നഷ്ടപരിഹാരം നൽകാനും,  ചികിത്സാസഹായം ഉറപ്പ് വരുത്താനും  കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കുന്നുണ്ട്. ജനവരി അവസാനവാരം ചേർന്ന ഉന്നതതല യോഗത്തിൽ ഇതിൻറെ മാർഗ്ഗരേഖ കേന്ദ്ര ഉപരിതല മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്.