ജിദ്ദ: കോവിഡ് കേസുകള്‍ സൗദിയില്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി മൂന്ന് ബുധനാഴ്ച രാത്രി ഒമ്ബത് മണി മുതല്‍ വിലക്ക് പ്രാബല്യത്തിലാവും. യു.എ.ഇ, ജര്‍മ്മനി, അമേരിക്ക, ഇന്തോനേഷ്യ, ഇറ്റലി, പാക്കിസ്ഥാന്, ബ്രിട്ടന്, സൗത്ത് ആഫ്രിക്ക, ഫ്രാന്‍സ്, ലെബനന്, ഈജിപ്ത്, ജപ്പാന്, അര്‍ജന്റീന, അയര്‍ലന്‍ഡ്, ബ്രസീല്‍, പോര്‍ച്ചുഗല്‍, തുര്‍ക്കി, സ്വീഡന്, സ്വിസര്‍ലാന്‍ഡ് എന്നിവയാണ് വിലക്ക് ഏര്‍പ്പെടുത്തിയ മറ്റു രാജ്യങ്ങള്‍.
എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള സൗദി പൗരന്മാര്, വിദേശ നയതന്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഇവരുടെയെല്ലാം കുടുംബങ്ങള്‍ എന്നിവര്‍ക്ക് സൗദി ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ബാധകമല്ല.
മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കിലും വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസം സന്ദര്‍ശനം നടത്തിയവരാണെങ്കില്‍ അവര്‍ക്കും സൗദിയിലേക്ക് വരുന്നതിന് വിലക്ക് ബാധകമാണ്. എന്നാല്‍ ഇന്ത്യ അടക്കം വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് വിലക്ക് ബാധകമല്ലാത്ത രാജ്യങ്ങളില്‍ 14 ദിവസങ്ങള്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കി സൗദിയില്‍ പ്രവേശിക്കാനാവുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
keyword:soudi,covid,issue