മാലിന്യം :മഞ്ചേശ്വരം, മംഗൽപാടി പഞ്ചായത്തുകൾക്ക് പിഴ ചുമത്താൻ ശുപാർശ.


ഉപ്പള:മാലിന്യസംസ്കരണത്തിൽ വീഴ്ച വരുത്തിയ നാല് തദ്ദേശസ്ഥാപനങ്ങൾക്ക് 7 ലക്ഷം രൂപ വീതം പിഴ ചുമത്താൻ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ  ശുപാർശ ചെയ്തു. കാസർഗോഡ് നഗരസഭ, മഞ്ചേശ്വരം, മംഗൽപാടി,ചെങ്കള  പഞ്ചായത്തുകൾക്കെതിരെയാണ് ജില്ലാ പരിസ്ഥിതി എൻജിനീയർ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്  റിപ്പോർട്ട് നൽകിയത്.

ഏപ്രിൽ ഒന്നുമുതൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പിലാക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ കാസർഗോഡ് നഗരസഭ ഉൾപ്പടെ നാലു തദ്ദേശസ്ഥാപനങ്ങൾ ഇതിൽ അലംഭാവം കാട്ടിയതായി ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തുകയായിരുന്നു. ഈ പഞ്ചായത്തുകളിൽ  മാലിന്യ ശേഖരണത്തിനും, സംസ്കരണത്തിനും സംവിധാനമില്ലാത്തതിനാൽ പൊതുസ്ഥലങ്ങളിലും, റോഡരികിലും മാലിന്യം വലിച്ചെറിയുന്നത് ജനജീവിതം ദുസ്സഹമാക്കുന്നതായി  പരിസ്ഥിതി എൻജിനീയറുടെ റിപ്പോർട്ടിൽ പറയുന്നു.

മാലിന്യസംസ്കരണത്തിലെ  വീഴ്ചകൾ ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണബോർഡ് ഈ തദ്ദേശസ്ഥാപനങ്ങൾക്ക്   നോട്ടീസ് നൽകുകയും,നേരിട്ട് വിവരം അറിയിക്കുകയും  ചെയ്തിരുന്നു. അവസാനമായി കാരണം കാണിക്കൽ നോട്ടീസും  നൽകി. അതിനും നടപടിയെടുക്കാത്തത് കൊണ്ടാണ് പിഴ ചുമത്താൻ ശുപാർശ നൽകിയത്.

keyword:waste,digestation,manjeshwar