മലപ്പുറം: യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ കുറിച്ചുള്ള സമസ്ത സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെപ്രതികരണം മുസ്ലിം ലീഗിനുള്ള മുന്നറിയിപ്പാണെന്ന് സമസ്ത വിദ്യാര്‍ത്ഥി സംഘടനയായ എസ്കെഎസ്എസ്എഫ് മലപ്പുറം ജില്ലാ ഭാരവാഹികള്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ടില്‍ നഷ്ടവും ലാഭവും അനുഭവിക്കേണ്ടത് യുഡിഎഫ് തന്നെയാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു.റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എംവി നികേഷ്കുമാറുമായുള്ള ക്ളോസ് എന്‍കൗണ്ടര്‍ ഇന്റര്‍വ്യൂയിലാണ് തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ ജിഫ്രി തങ്ങള്‍ പറഞ്ഞതില്‍ കൂടുതല്‍ അഭിപ്രായം പറയാനില്ല. തങ്ങളുടെ പ്രതികരണം യുഡിഎഫിനുള്ള മുന്നറിയിപ്പാണ്. ഒരിക്കലും സമസ്തയ്ക്ക് ജമാഅത്തെ ഇസ്ലാമിയെ അംഗീകരിക്കാനാവില്ല എന്നും എസ്കെഎസ്എസ്എഫ് നേതാക്കള്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കേരളപര്യടനത്തില്‍ നിന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രഫസര്‍ ആലിക്കുട്ടി മുസ്ലിയാര് ഒഴിവായത് ശാരീക അസ്വസ്ഥതകള്‍ കൊണ്ടാണെന്നും പ്രചരിക്കുന്ന മറ്റ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നേതാക്കള്‍ പ്രതികരിച്ചു.
എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു മലപ്പുറം ജില്ലാ നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍,ഉമറുല്‍ ഫൈസി മണിമൂലി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
keyword:udf,wellfare,leeg,issue