റേഷൻ കാർഡ് അനർഹമെങ്കിൽ പിഴ ചുമത്താൻ തീരുമാനം.തൃശൂര്‍: മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വയ്ക്കുന്നവരെ വീടുകളിലെത്തി കണ്ടെത്തി പിഴ ചുമത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.

ഭക്ഷ്യസാധനങ്ങള്‍ കൂടുതലായി ലഭിക്കുമെന്നത് കൊണ്ടാണ് ഇത്തരം കാര്‍ഡുകള്‍ കൈവശം വയ്ക്കാന്‍ താത്പര്യപ്പെടുന്നത്.

പലരും കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാന്‍ തയ്യാറാകുന്നുമില്ല. ഇത്തരം കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരില്‍ ഭൂരിഭാഗവും അനര്‍ഹരും ആഡംബര കാറുകളിലും മറ്റും റേഷന്‍ കടകളിലെത്തി ഭക്ഷ്യസാധനങ്ങള്‍ വാങ്ങുന്നവരുമാണ്. ഓരോ താലൂക്കുകളിലും ഇതിനായി സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.

കൊവിഡ് നീങ്ങുന്നതോടെ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും.ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിക്കുന്ന പരാതികളില്‍ മാത്രമാണ് ഇപ്പോള്‍ വീടുകളില്‍ പോയി കാര്‍ഡ് പിടിച്ചെടുക്കുന്ന നടപടികള്‍ സ്വീകരിക്കുന്നുള്ളൂ.

മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വയ്ക്കുന്നവര്‍ക്ക് പിഴയിനത്തില്‍ വന്‍തുകയാണ് നല്‍കേണ്ടി വരിക. ഒരു ലക്ഷം രൂപയോ അതിലധികമോ ചിലപ്പോള്‍ പിഴയായി ഒടുക്കേണ്ടി വരും. വാങ്ങിയ സാധനങ്ങളുടെ അളവ് കണക്കാക്കി അവയുടെ കമ്ബോള വില മൊത്തമായി അത്തരക്കാരില്‍ നിന്ന് ഈടാക്കും.

റേഷന്‍ കാര്‍ഡുകളിലെ അനര്‍ഹരെ കണ്ടെത്താന്‍ പുതിയ സര്‍വേ നടത്തുകയാണ് അഭികാമ്യമെന്ന് ആള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യന്‍ ചൂണ്ടല്‍. വീടുകളില്‍ പോയി പരിശോധിച്ചാണ് റേഷന്‍ മാനദണ്ഡം നിശ്ചയിക്കേണ്ടത്. നിലവില്‍ കമ്ബ്യൂട്ടര്‍ ഉപയോഗിച്ചാണ് കാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുള്ളത്. അതുമൂലം അനര്‍ഹര്‍ പലരും കടന്നുകൂടുകയും അര്‍ഹര്‍ പുറത്താകുകയും ചെയ്തു. പഞ്ചായത്ത് മെമ്ബര്‍മാര്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാരുടെ ശുപാര്‍ശകള്‍ പ്രകാരവും പല അനര്‍ഹരും കയറിക്കൂടിയിട്ടുണ്ട്. അനര്‍ഹരെ കണ്ടെത്താനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.


keyword:ration,card,issue