പാണത്തൂർ ബസപകടം; മരണം ഏഴായി, ഗതാഗത വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു


കാസര്‍കോട് പാണത്തൂര്‍ ബസ് അപകടത്തില്‍ മരണം ഏഴായി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിയാരത്ത് വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞ് സമീപത്തെ വീട്ടിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.

അര്‍ധമൂല സ്വദേശി നാരായണ നായിക്കിന്റെ മകന്‍ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെല്‍നാട് സ്വദേശി രാജേഷ് (45) ബണ്ട്വാള്‍ സ്വദേശി ശശിധരപൂജാരി(43) പുത്തൂര്‍ സ്വദേശിനി സുമതി (50), പുത്തൂര്‍ സ്വദേശി ആദര്‍ശ് (14) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കര്‍ണാടക സ്വദേശികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് നിലവില്‍ മരിച്ചത്.

അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് നിർദ്ദേശം നൽകിയതായും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.