ലീഗും സമസ്തയും ഒറ്റക്കെട്ട്


കോഴിക്കോട് :ലീഗ് -സമസ്ത വിവാദങ്ങള്‍ക്കിടെ സമസ്ത നേതാക്കള്‍ പാണക്കാടെത്തി മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സമസ്തയും മുസ്ലിം ലീഗും ഒറ്റക്കെട്ടാണെന്ന് തങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആലിക്കുട്ടി മുസ്ലിയാരെ മുസ്ലിം ലീഗ് വിലക്കിയെന്ന ആരോപണവും സമസ്ത നിഷേധിച്ചു. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ക്ഷണപ്രകാരമാണ് ജിഫ്രി മുത്തുകോയ തങ്ങളും ആലിക്കുട്ടി മുസ്ലിയാരും ഉള്‍പ്പെടെയുള്ള സമസ്ത നേതാക്കള്‍ പാണക്കാട് എത്തിയത്.

ലീഗും സമസ്തയും എക്കാലത്തും ഒറ്റക്കെട്ടാണെന്നു വിവാദങ്ങള്‍ക്കിടെയുള്ള കൂടിക്കാഴ്ചക്ക് ശേഷം സമസ്ത അധ്യക്ഷന്‍ പറഞ്ഞു. ഇരുകൂട്ടര്‍ക്കുമിടയില്‍ ഭിന്നതയുണ്ടെന്നത് തെറ്റായ പ്രചരണമാണെന്ന് ഹൈദരലി തങ്ങളും വിശദീകരിച്ചു. കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മലപ്പുറത്ത് എത്തിയപ്പോള്‍ ആലിക്കുട്ടി മുസ്ലിയാര്‍ വിട്ട് നിന്നതിന് പിന്നില്‍ മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദവും ഭീഷണിയുമാണെന്ന ആരോപണം ജിഫ്രി തങ്ങള്‍ നിഷേധിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ആലിക്കുട്ടി മുസ്ലിയാര്‍ തയ്യാറായില്ല. വിവിധ വിഷയങ്ങളില്‍ വിമര്‍ശനങ്ങളുമായി സമസ്തയുടെ കീഴ്ഘടകങ്ങള്‍ രംഗത്ത് വന്നതോടെയാണ് അനുരഞ്ജനത്തിന് ലീഗ് നേതൃത്വത്തിന്റെ ഇടപെടല്‍.
keyword:muslim,league,skssf