വിവാഹേതരബന്ധം സൈനികർക്ക് ക്രിമിനൽ കുറ്റമാക്കണം. --കേന്ദ്രസർക്കാർ.



ന്യൂഡൽഹി: വിവാഹേതര  ലൈംഗിക ബന്ധം സൈനികർക്ക് ക്രിമിനൽകുറ്റമാക്കണമെന്നാവശ്യപെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിയ ഭരണഘടന ബെഞ്ചിന്റെ  വിധി സൈനികർക്ക് ബാധകമാകരുതെന്നാണ് കേന്ദ്രസർക്കാറിന്റെ  ആവശ്യം. വിഷയം ജസ്റ്റിസ് ആർ എഫ്  നരിമാൻ അധ്യക്ഷനായ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ  പരിഗണനയ്ക്ക് അയച്ചു.

2018ൽ  അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പറഞ്ഞത്. അതിനാൽ ഈ വിഷയത്തിൽ വ്യക്തത വരുത്തേണ്ടത് അഞ്ചംഗ ബെഞ്ച് തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നരിമാന്റെ  ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ  പരിഗണനയ്ക്ക് അയച്ചത്. അന്നത്തെ പൊതുതാൽപര്യഹർജികാരൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചിട്ടുമുണ്ട്. പ്രവാസി മലയാളി ജോസഫ് ഷൈൻ നൽകിയ ഹർജിയിലായിരുന്നു 2018 ലെ സുപ്രധാന വിധി.

അന്യരുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497 ആം വകുപ്പാണ് സുപ്രീംകോടതി റദ്ദാക്കിയത്. വിവാഹേതര ബന്ധത്തിൽ പുരുഷനെ  മാത്രം  കുറ്റക്കാരനാക്കി കൊണ്ട് അഞ്ച് വർഷം വരെ തടവിന് ശിക്ഷിക്കാനുള്ള വകുപ്പായിരുന്നു അത്. സഹപ്രവർത്തകന്റെ  ഭാര്യയുമായി ബന്ധപ്പെടുന്ന സൈനികരെ മോശം പെരുമാറ്റത്തിന് സൈനിക വിചാരണ നടത്തി സർവീസിൽ നിന്ന് പുറത്താക്കാം. വിവാഹേതര ബന്ധത്തിന് ശിക്ഷിക്കാനുള്ള അധികാരം സൈന്യം ഉപയോഗിക്കുന്നത് 497-ആം  വകുപ്പിന്റെ  അടിസ്ഥാനത്തിലാണ്. സൈന്യത്തിൽ  സഹപ്രവർത്തകരുടെ ഭാര്യയുമായി ബന്ധപ്പെടുന്നത് ഗുരുതര കുറ്റമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. 

2018 ലെ ഭരണഘടനാ ബെഞ്ച് വിധിയിൽ  സൈനിക നിയമം കണക്കിലെടുത്തില്ലെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടുന്നു. ദീർഘകാലം കുടുംബവുമായി മാറി നിൽക്കുന്നവരാണ് സൈനികരെന്നും,  വിവാഹേതരബന്ധം ക്രിമിനൽ കുറ്റമല്ലെന്ന്  വന്നാൽ അവർക്കിടയിൽ അത് അസ്ഥിരതയുണ്ടാക്കുമെന്നും  കേന്ദ്രത്തിന്റെ  പുതിയ ഹരജിയിൽ പറയുന്നു.







keyword:marital,act,army