ഉദ്ഘാടനത്തിലൊതുങ്ങി മഞ്ചേശ്വരം ഹാർബർ.
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മണ്ഡലത്തിലെ  സമഗ്ര വികസനത്തിന്റെ നാഴികക്കല്ലാകേണ്ടിയിരുന്ന തുറമുഖം സർക്കാർ ഉദ്ഘാടനത്തിലൊതുക്കിയതായി  ആക്ഷേപം.

മഞ്ചേശ്വരത്തിന്റെ വികസന പദ്ധതികളെല്ലാം  തന്നെ ഒച്ചിഴയുന്നതായാണ് ആക്ഷേപം. കേരളത്തിൻറെ വടക്കേ അറ്റത്തെ നിയമസഭാ മണ്ഡലമാണ് മഞ്ചേശ്വരം. ചുരുക്കിപ്പറഞ്ഞാൽ രാഷ്ട്രീയക്കാർ വിവിധ യാത്രകൾക്ക് തുടക്കം കുറിക്കാറുള്ള  പ്രദേശം. 

2014ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശിലാസ്ഥാപനം നിർവഹിച്ച പദ്ധതിയാണ് മഞ്ചേശ്വരം ഹൊസബെട്ടു  തുറമുഖം. കേന്ദ്ര സർക്കാർ ഇതിനായി 48.8 കോടി രൂപയാണ് അനുവദിച്ചിരുന്നത്. സംസ്ഥാന വിഹിതം കൂടി ഉൾകൊള്ളിച്ചു  കൊണ്ടാണ് നിർമ്മാണം 90 ശതമാനം പൂർത്തിയാക്കിയത്. നിർമ്മാണ പ്രവർത്തികൾക്കിടെ  തന്നെയാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടനം നടത്തിയത്. നിർമ്മാണത്തിൽ അപാകതകൾ ഉണ്ടെന്നും അത് പരിഹരിക്കണമെന്നും മത്സ്യത്തൊഴിലാളികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് ചെവികൊള്ളാതെയാണ്   സർക്കാർ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയത്. ഇപ്പോഴും ഒരു ഭാഗത്ത്  നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

മഞ്ചേശ്വരം, മംഗൽപാടി, മൊഗ്രാൽപുത്തൂർ,കുമ്പള  പഞ്ചായത്തുകളിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ സ്വപ്ന പദ്ധതിയാണിത്. തുറമുഖം  പ്രവർത്തനസജ്ജമായാൽഈ 4 പ ഞ്ചായത്തുകളുടെ സമഗ്രമായ വികസനത്തിന് ഏറെ പ്രയോജനപ്പെടും. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി തുറമുഖം തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് മത്സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും  ആവശ്യം.


keyword:manjeshwaram,harbour,issue