കുമ്പളയിലെ റെയിൽവേ ടെർമിനൽ: തുടർനടപടികൾക്കായി സമ്മർദമില്ല.

 


കുമ്പള: കുമ്പളയിൽ റെയിൽവേ ടെർമിനൽ സ്റ്റേഷൻ പരിഗണിക്കണമെന്ന ആവശ്യത്തിൽ നിന്ന് ജനപ്രതിനിധികൾ പിൻ മാറിയോ..? ഈ ആവശ്യവുമായി രംഗത്ത് വന്നവർ ഇപ്പോൾ മൗനത്തിലായതിൽ ട്രെയിൻ യാത്രക്കാർക്കിടയിൽ പ്രതിഷേധം. 

കാസർഗോഡ് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾക്ക് എന്നും അവഗണനയുടെ ചൂളം വിളി മാത്രമാണ് കേൾക്കുന്നത്. കേന്ദ്ര- സംസ്ഥാനത്തെ ഒരു ബഡ്ജറ്റിലും  സ്റ്റേഷൻ വികസനത്തിന് കാസർഗോഡ് ജില്ലയിൽ മാത്രം ഫണ്ടുകളൊന്നും  അനുവദിക്കാറുമില്ല എന്നതും വസ്തുതയാണ്. അതുകൊണ്ടാണ് 2019ൽ കുമ്പളയെ ടെർമിനൽ സ്റ്റേഷനായി ഉയർത്തണമെന്ന ജനകീയ ആവശ്യമുയർന്നത്. ട്രെയിൻ യാത്രക്കാരിൽ നിന്നും, നാട്ടുകാരിൽ നിന്നും ഈ ആവശ്യത്തിന് നല്ല പ്രതികരണമാണ് ഉണ്ടായത്. രാഷ്ട്രീയപാർട്ടികളും, സന്നദ്ധ സംഘടനകളുമൊക്കെ  ഈ ആവശ്യത്തിനായി ബന്ധപ്പെട്ടവരെ സമീപിക്കുകയും ചെയ്തിരുന്നു.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കുമ്പള റെയിൽവേ സ്റ്റേഷനിൽ നാല്പതോളം ഏക്കർ സ്ഥലം ഉള്ളതാണ് ഇങ്ങനെയൊരു ആവശ്യം ഉയർന്നു വരാൻ കാരണമായത്. ദേശീയ പാതയോട് ചേർന്നുള്ള സംസ്ഥാനത്തെ ഏക സ്റ്റേഷൻ കൂടിയാണ് കുമ്പള. മാസത്തിൽ ഒമ്പതു ലക്ഷം രൂപയുടെ വരുമാനമാണ് ഈ സ്റ്റേഷനുള്ളത്. എന്നിട്ടും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെ  ന്ന ആവശ്യം പോലും അധികൃതർ ചെവിക്കൊണ്ടിട്ടില്ല. ഇരുഭാഗത്തേക്കുമുള്ള നാല് എക്സ്പ്രസ് ട്രെയിനുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പ് ഉള്ളത്. നിരവധി കേന്ദ്ര-സംസ്ഥാന  സർക്കാർ സ്ഥാപനങ്ങൾ കുമ്പളയിലുണ്ട്. ഇതൊക്കെ പരിഗണിച്ച് ടെർമിനൽ സ്റ്റേഷന്  വേണ്ടിയുള്ള സമ്മർദ്ദം തുടരണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിരന്തരമായ ഇടപെടലുകളുണ്ടെങ്കിൽ അധികൃതരുടെ കണ്ണ് തുറപ്പിക്കാനാകുമെന്നും യാത്രക്കാർ പറയുന്നു.


keyword:kumbla,railway,station,issue