കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം: ഡയാലിസിസ് യൂണിറ്റ് പ്രവർത്തനസജ്ജമായില്ല.കുമ്പള: മത്സ്യത്തൊഴിലാളികൾ അടക്കം നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പറയാൻ ഇല്ലായ്മകളുടെ കഥകൾ മാത്രം. ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾ എല്ലാം വികസന പാതയിലേക്ക് നീങ്ങുമ്പോൾ കുമ്പളയ്ക്ക്  മാത്രം ദു:സ്ഥിതി.പ്രസവ ചികിത്സയും, കിടത്തി ചികിത്സയുമൊക്കെ  ഓർമ്മകൾ മാത്രമായി. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് ഈ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. 

ലക്ഷക്കണക്കിന് രൂപ മുതൽമുടക്കിൽ സ്ഥാപിച്ച ശസ്ത്രക്രിയ മുറിയും അനുബന്ധ ഉപകരണങ്ങളും നോക്കുകുത്തിയായി. ഡയാലിസിസ് യൂണിറ്റ് തുടങ്ങാൻ നടപടി ആയിട്ടുണ്ടെങ്കിലും പ്രവർത്തനസജ്ജമായിട്ടില്ല. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയാണ് ഏറെ ദുരിതമാവുന്നത്.

വർഷങ്ങൾക്കു മുമ്പ്പുതിയ  കെട്ടിട നിർമ്മാണത്തിനായി ശ്രമം നടന്നെങ്കിലും അതും മുടങ്ങുകയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളെല്ലാം ഓട് മേഞ്ഞവയാണ്. മഴക്കാലമായാൽ ഈ കെട്ടിടങ്ങളിലൊക്കെ ചോർച്ച പതിവാണ്. ശുദ്ധജലത്തിന്റെയും പ്രശ്നം ഉണ്ട്. 

ഡോക്ടർമാരുടെ കുറവും   രോഗികൾക്ക് ഏറെ ദുരിതമാകുന്നുണ്ട്.8 ഡോക്ടർമാർ വേണ്ടിടത്ത് അഞ്ചു ഡോക്ടർമാരുടെ സേവനമേ  ഉള്ളൂ. നഴ്സുമാരുടെ കുറവുണ്ട്.

കുമ്പളയിലെ  സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും, കിടത്തിച്ചികിത്സയും  ഡയാലിസിസും അടിയന്തരമായി തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

keyword:kumbla,govt,hospital,issue