കൊപ്പളം അണ്ടർപാസേജ്; പൗരസമിതി നിവേദനം നൽകി

കൊപ്പളം: ടെണ്ടർ നടപടികൾ പൂർത്തിയായിട്ടും മൊഗ്രാൽ കൊപ്പളം അണ്ടർപാസേജ് നിർമാണപ്രവൃത്തികൾ ആരംഭിക്കാത്തതിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊപ്പളം പൗരസമിതി കാസറഗോഡ് എം. പി രാജ്‌മോഹൻ ഉണ്ണിത്താന് നിവേദനം നൽകി. 

ദീർഘകാലം ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്നതിന് ശേഷമാണ് അണ്ടർപാസേജ് അനുവദിക്കുന്നതിനുള്ള തുക കാസറഗോഡ് വികസനപാക്കേജിൽ വകയിരുത്തുന്നത്. തുടർന്ന് ടെണ്ടർ വിളിക്കുകയും തമിഴ്‌നാട് ആസ്ഥാനമായ കമ്പനി നിർമ്മാണം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ മാസങ്ങളായിട്ടും നിർമ്മാണം തുടങ്ങിയില്ല. 

ഇതിൽ പ്രദേശവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാവുകയും പൗരസമിതിക്ക് രൂപം നൽകുകയും ചെയ്തു. സമിതിയുടെ നേതൃത്വത്തിൽ സ്വീകരിക്കാൻ പോകുന്ന സമരമുറകളുടെ മുന്നോടിയായി അധികാരികളെയും ജനപ്രതിനിധികളെയും സമീപിച്ച് നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെടുകയാണ് പ്രവർത്തകർ.