രണ്ടു ലക്ഷത്തോളം പേരുടെ രോഗവിവരം ഇൻറർനെറ്റിൽ. അന്വേഷണം ആരംഭിച്ചു.തിരുവനന്തപുരം: കൊച്ചിയിലെ പ്രമുഖ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് രണ്ട് ലക്ഷത്തോളം പേരുടെ രോഗ വിവരങ്ങൾ ഇൻറർനെറ്റ് വഴി പുറത്തായി. എച്ച്ഐവി ടെസ്റ്റിന് സന്നദ്ധത അറിയിച്ചു രോഗികൾ സമർപ്പിച്ച തീർത്തും സ്വകാര്യമായ ഫോമുകൾ  വരെ ഇതിലുണ്ട്.

കഴിഞ്ഞ ആറു വർഷത്തിനിടെ ആശുപത്രിയിലെത്തിയ രോഗികളുടെ പരിശോധനാഫലങ്ങൾ, മരുന്നു കുറിപ്പടികൾ, ലാബ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇൻറർനെറ്റിൽ പരസ്യമായത്. രാജ്യത്തുതന്നെ ഇത്രയേറെ ആരോഗ്യ ഡേറ്റ  പരസ്യമാകുന്ന വലിയ സംഭവങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതീവ  സുരക്ഷിതമാക്കി വയ്ക്കേണ്ട ഫോൾഡറുകൾ ഇൻറർനെറ്റിൽ ആർക്കും തുറക്കാവുന്ന ഭാഗത്തിൽ ഇട്ടതാണ് കുഴപ്പമായത്. ഡൽഹി കേന്ദ്രമായ ഒബ്സർവർ  റിസർച്ച് ഫൗണ്ടേഷനിലെ ആരോഗ്യ വിഭാഗം തലവനും, മലയാളിയുമായ സി കുര്യന്റെ മുന്നറിയിപ്പിനെ തുടർന്ന് ഫോൾഡറുകളിലേക്കുള്ള ആക്സസ് ആശുപത്രി അധികൃതർ ഭാഗികമായി അടച്ചു. രോഗ വിവരങ്ങൾക്കു പുറമേ പുറത്തായവയിൽ ഇമെയിൽ വിലാസം, ഫോൺ നമ്പർ തുടങ്ങിയ നിർണായക വിവരങ്ങളും ഉണ്ട്. ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ച ആരോഗ്യവകുപ്പ് അന്വേഷിക്കും.


keyword:hospital,information,leaked