തൃശ്ശൂർ: ഇറക്കുമതി നിയന്ത്രണത്തെ തുടർന്ന് രാജ്യത്തെ ആഭ്യന്തര വിപണിയിൽ ചില്ലിന് വില കുത്തനെ കൂടി. വിരലിലെണ്ണാവുന്ന ഇന്ത്യൻ നിർമ്മാതാക്കളുടെ കൈ പിടിയിൽ ഒതുങ്ങിയിരിക്കുകയാണ് ഗ്ലാസ് വിപണി. ഇതുമൂലം വിപണിയിൽ വൻ വില വർധനവിനാണ് ഇടയാക്കിയിരിക്കുന്നത്.
ചൈനയിൽ നിന്നുള്ള ഗ്ലാസിൻറെ ഇറക്കുമതിക്കാണ് ആദ്യം ഡ്യൂട്ടി വർധിപ്പിച്ചു കേന്ദ്രം കടിഞ്ഞാണിട്ടത്. ഇതോടെ മലേഷ്യയിൽ നിന്നായി ഇന്ത്യയിലേക്കുള്ള ഗ്ലാസിൻറെ പ്രധാന വരവ്.ഇപ്പോൾ മലേഷ്യയിൽ നിന്നുള്ള ഗ്ലാസ് ഇറക്കുമതിക്കും കടിഞ്ഞാൽ വീണതോടെ ഗ്ലാസ് വിപണി ഇന്ത്യൻ നിർമ്മാതാക്കൾക്ക് മാത്രമായി ഒതുങ്ങി. ഇവർക്കാകട്ടെ ഇന്ത്യയിൽ ആവശ്യമുള്ളത്ര ഗ്ലാസ് വിപണിയിലേക്ക് നൽകാനാവുന്നുമില്ല. മൊത്തവ്യാപാരികൾ ആവശ്യമുള്ളത്ര സ്റ്റോക്ക് വിപണിയിൽ നൽകാതെ പിടിച്ചുവെക്കുന്നതും വിലക്കയറ്റത്തിന് ഇടയാക്കുന്നുവെന്ന് ചില്ലറ വ്യാപാരികൾ പറയുന്നു.
കേരളത്തിൽ 4500 ഓളം ഗ്ലാസ് വ്യാപാരികളും, ഇരുപത്തി എണ്ണായിരത്തോളം തൊഴിലാളികളുമാണ് ഉള്ളത്. അലൂമിനിയം- സ്റ്റീൽ ഫാബ്രിക്കേഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് പേർ വേറെയുമുണ്ട്. നിർമ്മാണ മേഖലയിലെ മാന്ദ്യംമൂലം കച്ചവടം കുത്തനെ ഇടിഞ്ഞ സാഹചര്യം നിലവിലുള്ളപ്പോഴാണ് ഗ്ലാസിൻറെ വിലവർദ്ധനവ് കൂടി ഉണ്ടായിരിക്കുന്നത്. ഇത് ഗ്ലാസ് വ്യാപാരികളെയും അനുബന്ധ മേഖലയിലെ തൊഴിലാളികളെയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
keyword:glass,price