ഡൽഹി ശാന്തം: കർഷകർ സമരവേദിയിലേക്ക് മടങ്ങുന്നു.


ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയിലൂടെ ഡൽഹി കീഴടക്കിയ ലക്ഷക്കണക്കിന് കർഷകർ സമരവേദിയിലേക്ക് മടങ്ങി തുടങ്ങിയതോടെ യുദ്ധക്കളമായി മാറിയ ഡൽഹി ശാന്തമായി. ആറു മണിക്കൂറുകളോളമാണ്   കർഷകരും പോലീസും തലസ്ഥാന നഗരിയിൽ ഏറ്റുമുട്ടിയത്. നൂറുകണക്കിന് കർഷകർക്കും,  പോലീസിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു കർഷകൻ മരിക്കുകയും ചെയ്തു.

ഡൽഹിയിൽ അരങ്ങേറിയ വ്യാപക അക്രമസംഭവങ്ങളിൽ  തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് കർഷക സംഘടനാ നേതാക്കൾ ആവർത്തിച്ചു പറയുന്നുണ്ട്. റാലിയിലേക്ക് നുഴഞ്ഞുകയറി വന്നവരാണ് അക്രമങ്ങൾ കാട്ടിയതെന്നും,  ഇത് നേരത്തെ പോലീസിനെ അറിയിച്ചതാണെന്നും, ഇത്തരത്തിൽ ഒരാളെ പിടിച്ചു കർഷകർ തന്നെ രണ്ടുദിവസംമുമ്പ് പോലീസിൽ ഏൽപ്പിച്ചതാണെന്നും കർഷക യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം റാലി നിശ്ചയിച്ച റൂട്ടുകളിൽ നിന്ന് വഴിമാറി സഞ്ചരിച്ചപ്പോൾ അത് തടയുക  മാത്രമാണ് തങ്ങൾ ചെയ്തതെന്നും, അതിൽ പ്രകോപിതരായ   കർഷകർ തങ്ങളെ  സംഘടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസും പറയുന്നു. അതെ  സമയം ചെങ്കോട്ടയിൽ കയറി കർഷക സംഘടനകളുടെ കൊടി  നാട്ടിയ നടപടിയെ വിവിധ രാഷ്ട്രീയ പാർട്ടികൾ അപലപിച്ചു.


keyword:farmers,protest